വ്യാപക കൃഷിനാശം; പാലപ്പിള്ളിയിൽ കാട്ടാനകളെ കാടുകയറ്റാൻ തീവ്രശ്രമം
text_fieldsആമ്പല്ലൂര്‍: രണ്ടുമാസത്തിലേറെയായി വരന്തരപ്പിള്ളി ജനവാസ മേഖലയില്‍ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്ന കാട്ടാനകളെ കാടുകയറ്റാന്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ തീവ്രശ്രമം. തിങ്കളാഴ്ച രാവിലെ മുതല്‍ പാലപ്പിള്ളി റേഞ്ച് ഓഫിസര്‍ പ്രേം ഷെമീറിന്റെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും പ്രാദേശിക സന്നദ്ധപ്രവര്‍ത്തകരും മലയോര സംരക്ഷണസമിതിയും ചേര്‍ന്ന് ആനകളെ വനാതിര്‍ത്തി കടത്തി കാട്ടിലേക്ക് വിടാനുള്ള ശ്രമത്തിലായിരുന്നു. വേലൂപ്പാടത്തുനിന്നാണ് 10 പേര് വീതമുള്ള ഏഴ് സംഘങ്ങള്‍ ആനകളെ തുരത്താന്‍ തോട്ടങ്ങളില്‍ കയറിയത്. കവരമ്പിള്ളി, കള്ളായി മൂല, കുട്ടഞ്ചിറ, കവരമ്പിള്ളികുന്ന് എന്നീ പ്രദേശങ്ങളിലേക്ക് നാല് സംഘമായാണ് പോയത്. കുട്ടഞ്ചിറ തേക്ക് തോട്ടത്തില്‍ രണ്ട് കാട്ടാനകള്‍ നില്ക്കുന്നുണ്ടെന്ന വിവരം കിട്ടിയതോടെ സംഘങ്ങള്‍ ആ വഴിക്ക് തിരിഞ്ഞു. തിരച്ചിലില്‍ ആനകള്‍ വേലൂപ്പാടം പാത്തിക്കിരിച്ചിറ ഭാഗത്തുണ്ടെന്ന് മനസ്സിലായി. തുടര്‍ന്ന് പടക്കം പൊട്ടിച്ചും പന്തം കത്തിച്ചും ആനയെ ഓടിക്കുകയായിരുന്നു. പാത്തിക്കിരി ചിറയില്‍നിന്ന് കവരമ്പിള്ളി വക്കീല്ക്കുണ്ട് വഴി നടാമ്പാടത്തെ തോട്ടത്തില്‍ ആനയെ എത്തിച്ച് അവിടെനിന്ന് വല്ലൂര്‍ കാട്ടിലേക്ക് കയറ്റിവിടാനായിരുന്നു പദ്ധതി. എന്നാല്‍, ഉച്ചയോടെ വക്കീല്ക്കുണ്ടില്നിന്ന് ആനകള്‍ പാത്തിക്കിരി ചിറയിലേക്കുതന്നെ തിരച്ചുകയറി. വേലൂപ്പാടം സെന്റ് ജോസഫ് പള്ളിയുടെ നേതൃത്വത്തില്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ഉച്ചഭക്ഷണം നല്കി. മേഖലയിലെ സ്കൂളുകള്‍ വിടുന്ന സമയമായതോടെ സംഘങ്ങള്‍ ശ്രമം അവസാനിപ്പിച്ചു. തുടര്‍ന്ന് നാട്ടുകാരെ പിരിച്ചയച്ച ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വീണ്ടും ആനകളെ തുരത്താനുള്ള പരിശ്രമം തുടര്‍ന്നു.
വനം വകുപ്പിന്റെ പാലപ്പിള്ളി, ചിമ്മിനി, വെള്ളിക്കുളങ്ങര റേഞ്ചുകളിലെ ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ടായിരുന്നു. വൈകീട്ട് ആറോടെ ആനകള്‍ കുട്ടഞ്ചിറ ഭാഗത്തെത്തി. ഇവിടെനിന്ന് രാത്രി വല്ലൂര്‍ കാട്ടിലേക്ക് കയറ്റിവിടാനാണ് തീരുമാനമെന്ന് റേഞ്ച് ഓഫിസര്‍ പ്രേം ഷെമീര്‍ പറഞ്ഞു. പകല്‍ കാട്ടില്‍ തമ്പടിക്കുന്ന ആനകള്‍ രാത്രി കാടിറങ്ങുകയും ജനവാസമേഖലയില്‍ എത്തി വ്യാപകമായി കാര്‍ഷികവിളകള്‍ നശിപ്പിക്കുകയുമാണ്. കുട്ടഞ്ചിറ, പാത്തിക്കിരിച്ചിറ പ്രദേശത്ത് രണ്ട് ആനകളും വട്ടക്കൊട്ടായി ഭാഗത്ത് ഒരു ആനയുമുണ്ടെന്നാണ് വിവരം. വേലൂപ്പാടം, പുലിക്കണ്ണി, കവരമ്പിള്ളി, വേപ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ദിവസങ്ങളായി കൂട്ടം തെറ്റിയ കാട്ടാനകള്‍ കൃഷി നാശമുണ്ടാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.