പൂരത്തിലലിഞ്ഞ് സ്ഥാനാർഥികൾ
text_fieldsതൃശൂർ: പൂരദിനത്തിൽ സ്ഥാനാർഥികളും ആഘോഷങ്ങളുടെ ആരവത്തിലലിഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ രാവിലെ 7.30ന് തിരുവമ്പാടി ക്ഷേത്രത്തിൽ ദർശനം നടത്തി. തുടർന്ന് ചെമ്പൂക്കാവ്, അയ്യന്തോൾ, ലാലൂർ ക്ഷേത്രങ്ങളിലും എത്തി. പിന്നീട് മഠത്തിൽ വരവ് കാണാൻ ബ്രഹ്മസ്വം മഠത്തിലെത്തി. ആദ്യം മഠത്തിലെത്തിയത് മുരളീധരനായിരുന്നു. നേതാക്കളായ സി.പി. ജോൺ, ടി.വി. ചന്ദ്രമോഹൻ, ജോസ് വള്ളൂർ എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. മേളം ആസ്വദിച്ച് ഒരുമണിക്കൂറോളം അവിടെ ചിലവഴിച്ചായിരുന്നു മടക്കം. തുടർന്ന് പാറമേക്കാവിൽ എത്തി. ഇലഞ്ഞിത്തറ മേളം തുടങ്ങുന്നതിന് മുമ്പ് വടക്കും നാഥന്റെ സന്നിധിയിൽ എത്തി.
കാലങ്ങളായി പൂരത്തിന്റെ സംഘാടന റോളിലുള്ളയാളാണ് എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ. ഇന്നലെ 11ഓടെ സുനിൽകുമാർ ബ്രഹ്മസ്വം മഠത്തിലെത്തി. അവിടെയുണ്ടായിരുന്ന മുരളീധരനുമായി ചെറിയ കുശലം പറച്ചിലിന് ശേഷം മുക്കാൽ മണിക്കൂറോളം മേളം ആസ്വദിച്ച ശേഷമാണ് മടങ്ങിയത്. സുനിൽകുമാർ എത്തിയതിനൊപ്പം സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസും ബ്രഹ്മസ്വം മഠത്തിലെത്തി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണൻ ആസ്വാദകനായി മഠത്തിലുണ്ടായിരുന്നു. കല്യാൺ സിൽക്സ് എം.ഡി ടി.എസ്. പട്ടാഭിരാമൻ ഉൾപ്പടെ പ്രമുഖർ ബ്രഹ്മസ്വം മഠത്തിലെത്തിയിരുന്നു. മന്ത്രി കെ. രാജൻ പൂരാഘോഷത്തിന്റെ ഓരോ മുക്കിലും മൂലയിലുമെത്തി. കണിമംഗലം ശാസ്താവിനെ തൊഴുതായിരുന്നു എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയുടെ പൂര ദിനത്തിന്റെ തുടക്കം. തുടർന്ന് നെയ്തലക്കാവിലമ്മയുടെ സന്നിധാനത്തിലെത്തി. തുടർന്ന് അയ്യന്തോൾ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.