വൈദ്യുതി ബിൽ അടച്ചില്ല; മുരിയാട്ട് ശുദ്ധജലം മുടങ്ങിയിട്ട് ഒരുമാസം
text_fieldsമുരിയാട്: ബിൽ അടക്കാത്തതിനാൽ കെ.എസ്.ഇ.ബി വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെ ഒരുമാസമായി ശുദ്ധജലം ലഭിക്കാതെ മുരിയാട് പഞ്ചായത്തിലെ ഇരുനൂറോളം കുടുംബങ്ങൾ ദുരിതത്തിൽ. അഞ്ച്, ആറ്, ഏഴ്, 16 വാർഡുകളിലെ കുടുംബങ്ങളാണ് പ്രയാസപ്പെടുന്നത്.
വർഷങ്ങളായി പ്രദേശത്തെ ജനങ്ങളുടെ ഏക ആശ്രയം കപ്പാറ കുടിവെള്ള പദ്ധതിയാണ്. അഞ്ച് കോളനികളിലെ കുടുംബങ്ങൾക്ക് ഇതിൽനിന്നാണ് വെള്ളം കിട്ടുന്നത്. മാസങ്ങളായി വൈദ്യുതി ബിൽ അടക്കാത്തതിനാൽ ഒരുലക്ഷത്തിലധികം രൂപ കുടിശ്ശികയായി. കെ.എസ്.ഇ.ബി പലതവണ ഓർമിപ്പിച്ചിട്ടും പ്രതികരണം ഉണ്ടാകാത്തതിനാൽ വൈദ്യുതിബന്ധം വിച്ഛേദിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റിനെയും സെക്രട്ടറിയെയും പലതവണ അറിയിച്ചെങ്കിലും ഗുണഭോക്തൃ സമിതിക്ക് കൈമാറിയ പദ്ധതിയായതിനാൽ ബിൽ അടക്കാൻ പണം നൽകാനാവില്ലെന്നാണ് പറയുന്നതെന്ന് ആറാം വാർഡ് അംഗം ശ്രീജിത്ത് പട്ടത്തും അഞ്ചാം വാർഡ് അംഗം ജിനി സതീശനും പറഞ്ഞു. എന്നാൽ, പല വാർഡുകളിലും ഗുണഭോക്തൃ സമിതി നടത്തുന്ന പദ്ധതികൾക്ക് ഇത്തരത്തിൽ പണം നൽകിയിട്ടുണ്ടെന്നും ഈ പ്രശ്നത്തിന് പരിഹാരം കാണാൻ പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.
പ്രശ്നത്തിന് പരിഹാരം കാണാൻ ഗുണഭോക്തൃ സമിതിയിലെ ഭാരവാഹികൾ ശ്രമിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ഇതുവരെ പിരിച്ചെടുത്ത പണത്തിന്‍റേയോ ചെലവഴിച്ച പണത്തിന്‍റേയോ കണക്കുകളും സമിതി അംഗങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചിട്ടില്ലെന്നും പരാതിയുണ്ട്. ഇതുസംബന്ധിച്ച് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ഈ കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച നടന്ന പ്രതിഷേധ സമരത്തിന് രാജൻ പ്ലാത്തുട്ടിൽ, സരസ്വതി മേലെത്തുപറമ്പിൽ, ലീല കുരിയിൽ, അശോകൻ പൊന്നാരി, വസന്ത പാറേപ്പറമ്പിൽ, വേലായുധൻ കുപ്ലംതറ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.