ചിമ്മിനിയിൽ വൈദ്യുതി ഉൽപാദനം പുനരാരംഭിച്ചു
text_fieldsആമ്പല്ലൂർ: സുരക്ഷ മുൻനിർത്തി ചിമ്മിനി ഡാമിൽനിന്ന് കുറഞ്ഞ അളവിൽ വെള്ളം തുറന്നു വിട്ടുതുടങ്ങി. വൈദ്യുതി ഉൽപാദനത്തിന് പ്രതിദിനം 0.55 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് പുറത്തുവിടുന്നത്. ബുധനാഴ്ച ഉച്ചക്ക് 12.43ന് ചിമ്മിനി ജലവൈദ്യുതി പദ്ധതിയിൽ ഉൽപാദനം ആരംഭിച്ചു. വൈദ്യുതി ഉൽപാദനത്തിന് സെക്കന്റിൽ 6.36 മീറ്റർ ക്യൂബ് വെള്ളമാണ് നൽകുന്നത്.
ഒരുദിവസം മാറിനിന്ന മഴ വീണ്ടും പെയ്തു തുടങ്ങിയതോടെ ഡാമിൽ ജലനിരപ്പ് നിർദിഷ്ട റൂൾ കർവ് കടന്നു. ഡാം അധികൃതർ ചൊവ്വാഴ്ച വൈകീട്ടുതന്നെ കലക്ടറുടെ അനുമതി തേടിയിരുന്നു. ബുധനാഴ്ച 70.93 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. ഈ സമയത്ത് 111.98 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് ഡാമിൽ സംഭരിച്ചിരിക്കുന്നത്. ഇത് ചിമ്മിനിയുടെ മൊത്തം സംഭരണ ശേഷിയുടെ 73.89 ശതമാനമാണ്. ഇപ്പോൾ ഡാമിന്റെ കെ.എസ്.ഇ.ബി വാൽവ് വഴിയാണ് വെള്ളം പുറത്തുവിടുന്നത്. ഇനിയും ജലനിരപ്പ് ഉയർന്നാൽ മാത്രമേ സ്ലൂയിസ് വാൽവ് വഴി പുഴയിലേക്ക് വെളളം തുറന്നു വിടുകയുള്ളു. പിന്നെയും നീരൊഴുക്ക് കൂടിയാൽ സ്പിൽവേ ഷട്ടറുകൾ തുറക്കുന്ന കാര്യം പരിഗണിക്കും.
ജലനിർപ്പ് 74.9 മീറ്ററിലെത്തിയാൽ ഡാമിന്റെ സുരക്ഷ കണക്കിലെടുത്ത് നീല മുന്നറിയിപ്പ് നൽകും. ജലനിരപ്പ് 75.4 മീറ്റർ എത്തിയാൽ ഓറഞ്ച് മുന്നറിയിപ്പും 75.9-ൽ റെഡ് അലർട്ട് നൽകുകയും സ്പിൽവേ ഷട്ടറുകൾ തുറക്കുകയും ചെയ്യും. 76.4 മീറ്ററാണ് ചിമ്മിനി ഡാമിന്റെ പരമാവധി ജലനിരപ്പ്. 151.55 ദശലക്ഷം ഘനമീറ്ററാണ് ചിമ്മിനിയുടെ സംഭരണശേഷി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.