ജില്ലയിൽ വെളിച്ചമെത്താത്ത അവസാന ആദിവാസി ഊരിലും വൈദ്യുതി എത്തുന്നു
text_fieldsതൃശൂർ: ജില്ലയിൽ വെളിച്ചമെത്താത്ത അവസാന ആദിവാസി ഊരിലും വൈദ്യുതി എത്തുന്നു. എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളുടെ വനാതിർത്തി പങ്കിടുന്ന മലക്കപ്പാറക്കടുത്ത വെട്ടിവിട്ട കാടിലാണ് മാർച്ച് 30ന് മുമ്പേ വൈദ്യുതി എത്തിക്കാൻ കെ.എസ്.ഇ.ബി അധികൃതർ നടപടി സ്വീകരിച്ചത്.
13 കുടുംബങ്ങൾ മാത്രം താമസിക്കുന്ന മുതുവാൻ സമുദായത്തിൽപെട്ട ഊരിലെ നിവാസികൾ കൃഷി ചെയ്താണ് ജീവിതം പുലരുന്നത്. 60ൽ താഴെ മാത്രമാണ് ഊരിലെ അംഗ സംഖ്യ. എട്ടുകിലോ മീറ്റർ അകലെ കിടക്കുന്ന തമിഴ്നാട്ടിലെ മുടീസാണ് ഊരിന് സമീപത്തെ പട്ടണം. വൈദ്യുതി പോസ്റ്റുകൾ കോളനിയിലെത്തിച്ച് പണി തുടങ്ങി.
എസ്.ടി കോർപസ് ഫണ്ടിൽനിന്നാണ് തുക വകയിരുത്തിയത്. മലക്കപ്പാറ ടാറ്റ എസ്റ്റേറ്റിനും വനത്തിനും ഇടയിലൂടെ ഭൂമിക്കടിയിലൂടെ യു.ജി കേബിളുകൾ വലിച്ചാണ് കോളനിയിലേക്ക് വൈദ്യുതിയെത്തിക്കുന്നത്.
മുൻ ചാലക്കുടി എം.എൽ.എ ബി.ഡി. ദേവസി ഇടപെട്ടാണ് ആദ്യഘട്ടം വൈദ്യുതീകരണ നടപടി തുടങ്ങിയത്. 2010ൽ നടപടി തുടങ്ങിയിരുന്നെങ്കിലും നടക്കില്ലെന്ന് പറഞ്ഞ് ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് 2021ൽ വീണ്ടും സർവേ നടത്തി. ടാറ്റ എസ്റ്റേറ്റിലേക്കുള്ള ലൈനിൽനിന്നാണ് വലിക്കാൻ അനുമതി നൽകിയത്.
ഊരിൽ വൈദ്യുതി എത്തുന്നതിൽ സന്തോഷമുണ്ടെന്ന് വെട്ടിവിട്ട കാട് ഊരുമൂപ്പൻ ശിവൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ജില്ലയിൽ ഈ കോളനി ഒഴികെ മറ്റ് ആദിവാസി കോളനികളിലെല്ലാം വൈദ്യുതി എത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.