യോഗ്യത വിവാദം: വി.സി പ്രതികാരം ചെയ്യുന്നു –കാർഷിക സർവകലാശാല സംഘടനകൾ
text_fieldsതൃശൂർ: കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു ബയോഡാറ്റയിൽ തട്ടിപ്പ് നടത്തിയെന്ന പരാതിയുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ മാറ്റി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ സർവകലാശാല ആസ്ഥാനത്ത് സത്യഗ്രഹം നടത്തി. ടീച്ചേഴ്സ് ഓർഗനൈസേഷൻ, എംപ്ലോയീസ് അസോസിയേഷൻ, വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു), എസ്.എഫ്.ഐ എന്നിവ സംയുക്തമായി സംഘടിപ്പിച്ച സത്യഗ്രഹം കാലടി സംസ്കൃത സർവകലാശാല അധ്യാപക സംഘടന ജനറൽ സെക്രട്ടറി ഡോ. ബിച്ചു എക്സ്. മലയിൽ ഉദ്ഘാടനം ചെയ്തു.
വിസിറ്റിങ് സയൻറിസ്റ്റ് പദവി, ഗവേഷണ പ്രബന്ധങ്ങൾ, കോടിക്കണക്കിന് രൂപയുടെ പ്രോജക്ടുകൾ, വിത്ത് പ്രകാശനം എന്നിവ സംബന്ധിച്ച് സെലക്ഷൻ കമ്മിറ്റി വി.സി നൽകിയ അവകാശവാദങ്ങൾ തെറ്റായിരുന്നുവെന്ന് തെളിവടക്കം സ്ഥാപിക്കപ്പെട്ടതായി സംഘടന പ്രതിനിധികൾ ചൂണ്ടിക്കാട്ടി. വ്യാജ ബയോഡാറ്റ വിഷയത്തിൽ വൈസ് ചാൻസലർക്കെതിരെ സർവകലാശാല സമൂഹം നിലപാടെടുത്തതോടെ അദ്ദേഹം പ്രതികാര നടപടികൾ സ്വീകരിക്കുകയാണ്. അധ്യാപകരെ അനാവശ്യമായി സ്ഥലംമാറ്റിയും പഠനാവധി നിഷേധിച്ചും സർക്കാർ ഉത്തരവിന് അനുസൃതമായ അന്തർ സർവകലാശാല സ്ഥലംമാറ്റം നിഷേധിച്ചും തൊഴിലാളികൾക്കും റാങ്ക് ഹോൾഡർമാർക്കും അർഹമായ ക്ലാസ് -4 നിയമനം വൈകിപ്പിച്ചും തൊഴിലാളിദ്രോഹ നടപടി തുടരുകയാണ്.
വ്യാജ ബയോഡാറ്റയാണ് നിയമനത്തിന് ഹാജരാക്കിയതെന്ന ആരോപണം ശരിെവക്കുന്ന നിലപാടാണ് ചാൻസലർക്ക് നൽകിയ വിശദീകരണത്തിലുള്ളതെന്ന് സമരത്തിന് അധ്യക്ഷത വഹിച്ച ഡോ. ബി. സുമ പറഞ്ഞു. അക്കാദമിക് സമൂഹത്തെ നാണംകെടുത്തുന്ന ഡോ. ആർ. ചന്ദ്രബാബു പദവിയിൽനിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടണമെന്ന് വിവിധ നേതാക്കൾ ആവശ്യപ്പെട്ടു.പി.കെ. നൗഷാദ്, വി.ആർ. അരുൺ, പി.ബി. സുമേഷ്, കൃഷ്ണദാസ്, ഡോ. ദീപ്തി, ഡോ. ബിനു കമലോൽഭവൻ, ഡോ. ജമാലുദ്ദീൻ, ഡോ. ദീപു മാത്യു, സിന്ധു, ഷിന എന്നിവർ സത്യഗ്രഹം അനുഷ്ഠിച്ചു. ജനറൽ കൗൺസിൽ അംഗങ്ങളായ ഡോ. പി.കെ. സുരേഷ് കുമാർ, പി.കെ. ശ്രീകുമാർ, കെ.ജി. സിന്ധു, കെ.ആർ. പ്രദീഷ്, പി.എസ്. രാജേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.