എടത്തിരുത്തിയിൽ തീരാതെ അറ്റകുറ്റപ്പണി; കുടിവെള്ളം കിട്ടാക്കനി
text_fieldsചെന്ത്രാപ്പിന്നി: എടത്തിരുത്തി പറയൻകടവിൽ പ്രധാന വിതരണ പൈപ്പ് പൊട്ടിയത് മൂലം മുടങ്ങിയ തീരദേശത്തെ പത്ത് പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം ഇനിയും പുനഃസ്ഥാപിക്കാനായില്ല.
നാലുദിവസമായി തുടരുന്ന അറ്റകുറ്റപ്പണി വ്യാഴാഴ്ച രാത്രിയും തുടരുകയാണ്. വെള്ളിയാഴ്ച പകലോടെയെങ്കിലും പമ്പിങ് ആരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് 700 എം.എം വ്യാസമുള്ള പ്രിമോ പൈപ്പ് പൊട്ടിയത്. ഇതോടെ റോഡ് തകർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു. തൊട്ടടുത്ത കള്ളുഷാപ്പിലും ചായക്കടയിലും സമീപത്തെ വീട്ടുപറമ്പിലും വെള്ളം കയറി. റോഡ് തകർന്ന് ആഴത്തിലുള്ള കുഴി രൂപപ്പെട്ടതോടെ ഇതുവഴി ഗതാഗതവും നിർത്തിവെച്ചു.
പൈപ്പ് പൊട്ടിയ ഉടൻ തന്നെ പമ്പിങ് നിർത്തിയതോടെ വെള്ളക്കെട്ടിന് ശമനമായി. ഇതോടെ പത്ത് പഞ്ചായത്തുകളിൽ കുടിവെള്ളവും മുടങ്ങി. ചൊവ്വാഴ്ച രാവിലെ അധികൃതരെത്തി ചോർച്ച അടക്കാനുള്ള അറ്റകുറ്റപ്പണികൾ ആരംഭിച്ചു.
മോട്ടോർ ഉപയോഗിച്ച് കുഴിയിലെ വെള്ളം പമ്പ് ചെയ്ത് കളഞ്ഞ ശേഷമാണ് പൈപ്പിന്റെ ചോർച്ച അടക്കാൻ ശ്രമം തുടങ്ങിയത്. എന്നാൽ, കാലഹരണപ്പെട്ട പ്രമോ പൈപ്പിൽ അറ്റകുറ്റപ്പണി ദുഷ്കരമായി. ഇതോടെ ഈ പൈപ്പ് മാറ്റി ഡി.ഐ പൈപ്പ് കൊണ്ടുവരേണ്ടിവന്നു. ബുധനാഴ്ച രാത്രിയോടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി വീണ്ടും പമ്പിങ് ആരംഭിച്ചു. പക്ഷേ, അല്പ സമയത്തിനുള്ളിൽ തന്നെ രണ്ടുമീറ്റർ മാറി വീണ്ടും പൈപ്പ് പൊട്ടി. ഇതോടെ പമ്പിങ് വീണ്ടും നിർത്തിവെച്ചിരിക്കുകയാണ്.
ഒരു ഡസനോളം ജോലിക്കാർ രണ്ട് മണ്ണുമാന്തിയടക്കം നിരവധി യന്ത്രസാമഗ്രികളുമായി അഹോരാത്രം പണി തുടരുമ്പോഴും വെള്ളം എപ്പോൾ വരും എന്ന ചോദ്യവുമായി ആയിരങ്ങൾ കാത്തിരിക്കുകയാണ്.
തീരദേശ പഞ്ചായത്തുകളിൽ ടാപ്പുകളിൽ വെള്ളമെത്തിയിട്ട് 10 ദിവസം
വാടാനപ്പള്ളി: തീരദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷം. വെള്ളമെത്തിയിട്ട് 10 ദിവസം പിന്നിട്ടു. നാട്ടിക പഞ്ചായത്തിലെ ചേർക്കര, തളിക്കുളം പഞ്ചായത്തിലെ പുന്നച്ചോട്, പുലാമ്പുഴ, പുളിയംതുരുത്ത്, വാടാനപ്പള്ളി പഞ്ചായത്തിലെ നടുവിൽക്കര, മണപ്പാട്, ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ ചേറ്റുവ, പടന്ന, ചിപ്ലിമാട്, പൊക്കുളങ്ങര ബീച്ച് എന്നിവിടങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായുള്ളത്.
പ്രദേശത്തെ കിണറുകൾ ഏറെയും വറ്റിവരണ്ട നിലയിലാണ്. ശേഷിച്ച കിണറുകളിൽ ഉപ്പുവെള്ള ഭീഷണിയുമാണ്. ഇതോടെ മേഖലയിലുള്ളവർ കുടിവെള്ളത്തിന് വാട്ടർ അതോറിറ്റി ടാപ്പുകളെയാണ് ആശ്രയിച്ചു പോന്നിരുന്നത്. എന്നാൽ, ആഴ്ചകളായി ടാപ്പുകളിൽ വെള്ളം വരാത്ത അവസ്ഥയാണ്. ഇതാണ് പുഴയോരവാസികളെ വലച്ചത്. ശേഖരിച്ചുവെച്ചിരുന്ന വെള്ളമെല്ലാം കഴിഞ്ഞു. പലരും വഞ്ചിയിൽ പുഴകടന്നും വാഹനങ്ങളിൽ പോയി അകലെനിന്നുമാണ് വെള്ളം ശേഖരിച്ചു കൊണ്ടുവരുന്നത്.
പലരും പണം മുടക്കി ടാങ്ക് വെള്ളം കൊണ്ടുവരുകയാണ്. ഒരു ടാങ്ക് വെള്ളത്തിന് 500 രൂപയാണ് വില. കുടിവെള്ള ക്ഷാമം നേരിടുമ്പോൾ നേരത്തേ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ വാഹനത്തിൽ കുടിവെള്ളം വിതരണം ചെയ്തിരുന്നു. എന്നാൽ, പല പഞ്ചായത്തുകളും ഈ സംവിധാനം ഒരുക്കുന്നില്ലെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.