തൃപ്രയാറിൽ മയക്കുമരുന്ന് വേട്ട: എൻജിനീയറിങ് വിദ്യാർഥി അറസ്റ്റിൽ
text_fieldsഅന്തിക്കാട്: തൃപ്രയാറിൽ മാരക മയക്കുമരുന്ന് വേട്ട. കെമിക്കൽ എൻജിനീയറിങ് വിദ്യാർഥി അറസ്റ്റിലായി. പഴുവിൽ എടക്കാട്ടുതറ വീട്ടിൽ മുഹമ്മദ് ഷഹീൻ ഷായെയാണ് (22) തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോരങ്കക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ഇരിങ്ങാലക്കുട ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്. ഒരാഴ്ചയായി പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്.
33 ഗ്രാം എം.ഡി.എം.എ സഹിതം തൃപ്രയാർ കിഴക്കെ നടയിൽനിന്നാണ് ബൈക്കിലെത്തിയ ഇയാൾ അറസ്റ്റിലായത്. ഇതരസംസ്ഥാനങ്ങളിൽനിന്ന് വിവിധ മാർഗങ്ങളിലൂടെ സംസ്ഥാനത്തേക്ക് കഞ്ചാവ്, എം.ഡി.എം.എ, എൽ.എസ്.ടി തുടങ്ങിയ മയക്കുമരുന്നുകൾ വൻതോതിൽ എത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസ്, അന്തിക്കാട് ഇൻസ്പെക്ടർ അനീഷ് കരീം, റൂറൽ ജില്ല ക്രൈംബ്രാഞ്ച് എസ്.ഐ എം.പി. മുഹമ്മദ് റാഫി, ഡാൻ സാഫ് ടീം അംഗങ്ങളായ എ.എസ്.ഐ പി. ജയകൃഷ്ണൻ, സി.എ. ജോബ്, ടി.ആർ. ഷൈൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ് വി. ദേവ്, ലിജു ഇയ്യാനി, ബിനു, ഷറഫുദ്ദീൻ, എം.വി. മാനുവൽ, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ മുഹമ്മദ് അഷ്റഫ്, സീനിയർ സി.പി.ഒമാരായ ഇ.എസ്. ജീവൻ, കെ.എസ്. ഉമേഷ്, വികാസ്, സോണി സേവ്യർ, അന്തിക്കാട് എ.എസ്.ഐമാരായ അസീസ്, അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ബൈക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
മേഖലയിൽ പുഴയോരത്ത് വിൽപന തകൃതിയാണ്. ഉപഭോക്താക്കളിലേറെയും വിദ്യാർഥികളാണ്. ഒരു ഗ്രാമിന് ഏഴായിരത്തോളം രൂപക്ക് ചില്ലറവിൽപന നടത്തുന്ന മയക്കുമരുന്നാണ് പിടികൂടിയത്. എൻജിനീയറിങ് വിദ്യാർഥിയായ പ്രതി ഇതിനുമുമ്പും ലഹരിമരുന്ന് കൊണ്ടുവന്ന് വിറ്റിരുന്നതായാണ് വിവരം.
ദിവസങ്ങളായി പ്രതിയെ നിരീക്ഷിച്ചുവന്നിരുന്ന പൊലീസ് സംഘം പല സ്ഥലങ്ങളിലായി കാത്തുനിന്ന് ബൈക്കിലെത്തിയ ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ബംഗളൂരുവിൽനിന്നാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചിരുന്നത്. മയക്കുമരുന്ന് എത്തിച്ചവരെക്കുറിച്ചും വാങ്ങുന്നവരെക്കുറിച്ചും അന്വേഷിക്കുമെന്ന് എസ്.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.