എന്റെ കേരളം മെഗാ പ്രദര്‍ശന-വിപണന മേള 18 മുതല്‍ തൃശൂരിൽ
text_fieldsതൃശൂർ: സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തിന്‍റെ ഭാഗമായി 'എന്‍റെ കേരളം' മെഗാ പ്രദര്‍ശന വിപണന മേള ഈമാസം 18 മുതല്‍ 24 വരെ തൃശൂർ തേക്കിന്‍കാട് മൈതാനിയിൽ നടക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 18ന് വൈകീട്ട് നാലിന് തൃശൂര്‍ റൗണ്ടില്‍ നടക്കുന്ന ഘോഷയാത്രയോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവും. വൈകീട്ട് അഞ്ചിന് വിദ്യാര്‍ഥി കോര്‍ണറില്‍ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. പ്രദര്‍ശന വിപണന സ്റ്റാളുകളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും. ഉദ്ഘാടനത്തിന് ശേഷം പ്രസീത ചാലക്കുടിയും സംഘവും നാടന്‍പാട്ട് മേള നടത്തും.
മെഗാ പ്രദര്‍ശന വിപണന മേളയുടെ കവാടമായി കുതിരാന്‍ തുരങ്കത്തിന്‍റെ മാതൃകയാണ് ഒരുക്കുന്നത്. സ്റ്റാളുകളുടെയും കവാടത്തിന്‍റെയും പ്രവൃത്തികള്‍ ആരംഭിച്ചു. 160ലേറെ സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും കീഴിലെ ഉല്‍പന്നങ്ങളും വ്യവസായ വകുപ്പിന് കീഴിലെ ചെറുകിട ഇടത്തരം സംരംഭകരുടെ ഉല്‍പന്നങ്ങളുമാണ് പ്രദര്‍ശനത്തിന് എത്തുക. 30ലേറെ സ്റ്റാളുകള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സേവനങ്ങള്‍ പരിചയപ്പെടുത്തുന്ന തീം സ്റ്റാളുകളും ഇരുപതോളം എണ്ണം വിവിധ സര്‍ക്കാർ സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്ന യൂട്ടിലിറ്റി സ്റ്റാളുകളുമാണ്. ഓണ്‍ലൈന്‍ സേവനങ്ങള്‍ (ഇ-സേവനങ്ങള്‍), മൊബൈൽ സേവനങ്ങള്‍ (എം-സേവനങ്ങള്‍) എന്നിവയെക്കുറിച്ച അറിവുകള്‍ പകര്‍ന്നു നല്‍കുന്നതാവും സ്റ്റാളുകള്‍.
അക്ഷയയുടെ ആധാര്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍, ജീവിതശൈലീരോഗങ്ങളുടെ പരിശോധന, മണ്ണ്, ജല പരിശോധന, പാല്‍, ഭക്ഷ്യ സാധനങ്ങളുടെ സാമ്പിളുകള്‍ എന്നിവയുടെ പരിശോധന, ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, എംപ്ലോയ്‌മെന്‍റ് രജിസ്‌ട്രേഷന്‍, കരിയര്‍ ഗൈഡന്‍സ്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള കൗണ്‍സലിങ്, ചെറിയ കുട്ടികളിലെ ഭിന്നശേഷി നിര്‍ണയ പരിശോധന തുടങ്ങിയവയാണ് യൂട്ടിലിറ്റി സ്റ്റാളുകളില്‍ ലഭിക്കുന്ന സൗജന്യ സേവനങ്ങള്‍.
കുടുംബശ്രീയുടെ നേതൃത്വത്തിലാണ് വിശാലമായ ഫുഡ്‌കോര്‍ട്ട് ഒരുക്കുന്നത്. കുടുംബശ്രീക്ക് പുറമെ മില്‍മ, ജയില്‍, കെ.ടി.ഡി.സി എന്നിവയും ഫുഡ്‌കോര്‍ട്ടില്‍ പങ്കാളികളാവും. മേള നടക്കുന്ന ദിവസങ്ങളില്‍ എല്ലാ വൈകുന്നേരങ്ങളിലും സംഗീത, കലാപരിപാടികള്‍ നടക്കും. റോബോട്ടിക്‌സ്, വെര്‍ച്വൽ റിയാലിറ്റി, ഓഗ്മെന്‍റഡ് റിയാലിറ്റി, ത്രീഡി പ്രിന്‍റിങ് ടെക്‌നോളജി തുടങ്ങിയവ പരിചയപ്പെടുത്തുന്ന ടെക്‌നോളജി പവിലിയന്‍, കാർഷിക പവലിയൻ എന്നിവ ഉണ്ടാകും. എല്ലാ ദിവസവും സെമിനാറുകളും നടക്കും.
24ന് വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ കലക്ടർ ഹരിത വി. കുമാർ, ജില്ല ഇൻഫർമേഷൻ ഓഫിസർ അബ്ദുൽ കരീം, ജില്ല വ്യവസായ ഓഫിസർ കെ.എസ്. കൃപകുമാർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.