അഭിനന്ദനം ആകാശത്തോളം; മിലന് ആവേശ സ്വീകരണം
text_fieldsകൊടകര: ആകാശമായവളേ, അകലെപ്പറന്നവളേ എന്ന ചലച്ചിത്രഗാനം പാടി സാമൂഹിക മാധ്യമങ്ങളിൽ വൈറലായ മിലന് സ്വന്തം വിദ്യാലയത്തിൽ ലഭിച്ചത് ആവേശകരമായ സ്വീകരണം. സഹപാഠികളും അധ്യാപകരും പി.ടി.എയും ചേര്‍ന്ന് മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്കൂളിലാണ് സ്‌നേഹോഷ്മളമായ സ്വീകരണം നല്‍കിയത്. രണ്ട് ദിവസത്തെ അവധിക്കു ശേഷം തിങ്കളാഴ്ച രാവിലെ വിദ്യാലയത്തിലേക്ക് കടന്നുവന്ന മിലനെ സഹപാഠികള്‍ തോളിലേറ്റിയാണ് വരവേറ്റത്.
കടമ്പോട് ആളൂരുത്താന്‍ വീട്ടില്‍ സുകുമാരന്റേയും പ്രസന്നയുേടയും മകനായ മിലന്‍ കനകമലയിലുള്ള അമ്മയുടെ വീട്ടില്‍ നിന്നാണ് തിങ്കളാഴ്ച വിദ്യാലയത്തിലേക്ക് എത്തിയത്.
വിദ്യാലയത്തില്‍ സ്വീകരണം ഒരുക്കിയതറിഞ്ഞ് മാതാപിതാക്കളും കുടുംബാംഗങ്ങളും ഒപ്പം എത്തിയിരുന്നു. വിദ്യാലയ കവാടം കടന്നെത്തിയ മിലനെ സഹപാഠികള്‍ ആര്‍ത്തുവിളിച്ച് വാരിപ്പുണരുകയും എടുത്തുയര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് അധ്യാപകന്‍ പ്രവീണ്‍ കുമാറിനൊപ്പം എട്ട് എഫിലെത്തി മിലന്‍ ബഞ്ചിലിരുന്നപ്പോള്‍ സഹപാഠികള്‍ കരഘോഷം മുഴക്കി. ......ബ്ലാക്ക് ബോര്‍ഡില്‍ കൂട്ടുകാര്‍ മിലനേയും അധ്യാപകന്‍ പ്രവീണ്‍ കുമാറിനേയും കാത്തിരുന്നത്. ക്ലാസ് മുറിക്കുള്ളിലെ നാലുചുമരുകള്‍ക്ക് അകത്ത് ഒതുങ്ങി പോകാതെ മിലന്റെ പാട്ടിനെ ലോകമലയാളി മനസിലേക്കെത്തിച്ചതിന്റെ അനുഭവം അധ്യാപകന്‍ പ്രവീണ്‍ കുമാര്‍ വിവരിച്ചു. കഴിഞ്ഞ രണ്ടുദിവസങ്ങള്‍ക്കിടയില്‍ തന്നെ തേടി വന്ന അഭിനന്ദനവാക്കുകള്‍ക്കും വാഗ്ദാനങ്ങള്‍ക്കും പിന്തുണക്കും മിലന്‍ നന്ദി പറഞ്ഞു. താന്‍ പാടി വൈറലാക്കിയ ആകാശമായവളേ എന്ന ഗാനം ഒരിക്കല്‍ കൂടി മിലന്‍ ആലപിച്ചു.
പി.ടി.എയുടെ നേതൃത്വത്തില്‍ നടന്ന അനുമോദന ചടങ്ങില്‍ മിലനും അധ്യാപകന്‍ പ്രവീണ്‍കുമാറിനും ഉപഹാരം സമ്മാനിച്ചു. പി.ടി.എ പ്രസിഡന്റ് ബിജു തെക്കന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എം. മഞ്ജുള, സ്റ്റാഫ് സെക്രട്ടറി ജെയ്‌മോന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു. രക്ഷാകർത്താക്കളും പൊതുപ്രവര്‍ത്തകരും അഭിനന്ദനങ്ങളുമായി എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.