കലക്ടറുടെ അതിഥികളായി എരുമപ്പെട്ടി ഗവ. എച്ച്.എസ്.എസ് വിദ്യാർഥികൾ
text_fieldsതൃശൂർ: ആദ്യമായി കലക്ടറേറ്റിൽ എത്തുന്നതിന്റെയും കലക്ടറുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെയും ആകാംക്ഷയിലായിരുന്നു എരുമപ്പെട്ടി ഗവ. ഹയര്‍ സെക്കൻഡറി സ്കൂൾ വിദ്യാര്‍ഥികള്‍. ജില്ലയിലെ വിവിധ മേഖലയിലുള്ളവരുമായി സംവദിക്കാൻ കലക്ടര്‍ അര്ജുന് പാണ്ഡ്യന് നടത്തുന്ന മുഖാമുഖം- ‘മീറ്റ് യുവര്‍ കലക്ടര്‍’ പരിപാടിയുടെ ഭാഗമായാണ് അവർ എത്തിയത്.
കുട്ടികളെ സ്വീകരിച്ചിരുത്തി കലക്ടർ വിശേഷങ്ങള്‍ ചോദിച്ചപ്പോള്‍ ആദ്യമാദ്യം പലർക്കും സങ്കോചമായിരുന്നു. ക്രമേണ അത് ആവേശത്തിലേക്ക് വഴിമാറി. സിവില്‍ സര്‍വിസ് നേടാന്‍ എന്തുചെയ്യണം, അതിനുള്ള വെല്ലുവിളികള്‍, കലക്ടറുടെ അനുഭവങ്ങള്‍...അങ്ങനെ ചോദ്യങ്ങളും മറുപടിയുമായി നീങ്ങി.
വിദ്യാര്‍ഥികള്‍ പൊതുവായ പ്രശ്നങ്ങളും തങ്ങളുടെ സ്കൂളിലെ പ്രശ്നങ്ങളും കലക്ടറോട് പറഞ്ഞു. യാത്രാ പ്രശ്നം, ഗ്രൗണ്ട് നവീകരണവും ലാബിന്റെ സൗകര്യം വര്‍ധിപ്പിക്കുന്നതും അടക്കമുള്ള സ്കൂളിലെ അടിസ്ഥാന വികസനം ശ്രദ്ധയിൽപ്പെടുത്തുകയും കലക്ടറുടെ ഇടപെടലിന് സഹായം തേടുകയും ചെയ്തു. വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം, ദുരന്ത നിവാരണം, നീന്തല്‍ ക്ലാസുകള്‍ എന്നിവയും ചർച്ചയിൽ വന്നു. യാത്രാ പ്രശ്നം ബന്ധപ്പെട്ട വകുപ്പുകളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് കലക്ടർ ഉറപ്പ് നൽകി.
വിദ്യാര്‍ഥികളുടെ യാത്രാ സുരക്ഷ ഉറപ്പാക്കാൻ ബസ് ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാമെന്നും പറഞ്ഞു. യാത്രാ പ്രശ്നം പരിഹരിക്കാൻ ആവശ്യമെങ്കില്‍ കെ.എസ്.ആര്.ടി.സി സ്പെഷല്‍ സര്‍വിസ് ആരംഭിക്കാമെന്ന വാക്കും നൽകിയാണ് വിദ്യാർഥികളെ കലക്ടർ തിരിച്ചയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.