അറവ് ശാലയിൽനിന്ന് പോത്ത് കയറ് പൊട്ടിച്ചോടി; ഭയന്ന് നാട്
text_fieldsഎരുമപ്പെട്ടി: ജെല്ലിക്കെട്ട് സിനിമയുടെ തനിയാവർത്തനമായി മാറിയിരിക്കുകയാണ് കുണ്ടന്നൂർ - ചിറ്റണ്ട പ്രദേശം. ഞായറാഴ്ച രാത്രിയിൽ അറവുശാലയിൽ നിന്നും കയറ് പൊട്ടിച്ച് രക്ഷപ്പെട്ട പോത്താണ് പ്രദേശത്തെ ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നത്. അറവുകാരും നാട്ടുകാരും ചേർന്ന സംഘം പോത്തിനെ തെരഞ്ഞ് രാപകലില്ലാതെ രംഗത്തിറങ്ങിയിരിക്കുകയാണ്. ചിറ്റണ്ട, തൃക്കണാപതിയാരം, കുണ്ടന്നൂർ വടക്കുമുറി പ്രദേശങ്ങളിലുള്ളവരാണ് പോത്തിെൻറ ആക്രമണമുണ്ടാകുമോ എന്ന ഭീതിയിൽ കഴിയുന്നത്.
ഞായറാഴ്ച രാത്രിയിൽ കാഞ്ഞിരക്കോട് ഹംസയുടെ അറവുശാലയിലേക്ക് കൊണ്ടുവന്ന പോത്താണ് ലോറിയിൽ നിന്നും ഇറക്കുന്നതിനിടെ കയറ് പൊട്ടിച്ച് ഓടി പോയത്. തുടർന്ന് അറവുകാരും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ ചിറ്റണ്ട എൻ.എസ്.എസ് ഓഫിസ് പരിസരത്തെ പാടശേഖരത്തിലാണ് പോത്തിനെ പിന്നീട് കണ്ടെത്തിയത്.
പിടിക്കാൻ ശ്രമിക്കുന്നതിനിടെ അവിടെ നിന്നും ഓടി രക്ഷപ്പെട്ട പോത്തിനെ പിന്നീട് സ്വകാര്യ പറമ്പുകളിലും പൊന്ത കാടുകൾക്കുള്ളിലും കണ്ടവരുണ്ട്. പോത്തിനെ ഓടിച്ച് പിടിക്കാൻ ശ്രമിക്കുന്നതിനിടെ കുഴികളിൽ വീണും ദേഹത്ത് മുള്ളുകൾ കോറിയും പലർക്കും പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരത്തോടെ കുണ്ടന്നൂർ വടക്കുമുറി ഭാഗത്താണ് പോത്തിനെ അവസാനമായി കണ്ടത്.
അവിടെ നിന്നും തൃക്കണാപതിയാരം ഭാാഗത്തേക്കാണ് പോത്ത് ഓടിയിട്ടുള്ളത്. രാത്രിയായതോടെ പോത്തിനെ പിന്നീട് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പോത്തിനെ പിടിക്കാൻ വേണ്ടിയുള്ള ശ്രമം ഇപ്പോൾ ഒരു ദിവസം പിന്നിട്ടു. പോത്തിനു വേണ്ടി രാത്രിയിലും ജനക്കൂട്ടം തിരച്ചിൽ നടത്തുകയാണ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി പൊലീസും സന്നാഹങ്ങളുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.