സ്കൂളിൽ സൂക്ഷിച്ച മരത്തടികൾ തീവെച്ച് നശിപ്പിച്ച നിലയിൽ
text_fieldsഎരുമപ്പെട്ടി: ഗവ. എൽ.പി സ്കൂളിൽ സൂക്ഷിച്ചിരുന്ന മരത്തടികൾ തീവെച്ച് നശിപ്പിച്ച നിലയിൽ കണ്ടെത്തി. സ്കൂൾ കോമ്പൗണ്ടിൽനിന്ന് മുറിച്ചുമാറ്റിയതിനെ തുടർന്ന് വിവാദത്തിനിടയാക്കിയ മരത്തടികളാണ് നശിപ്പിച്ചത്. 2019ൽ കോമ്പൗണ്ടിലെ മഴമരം സ്കൂൾ അധികൃതർ മുറിച്ചുമാറ്റിയിരുന്നു. മരംമുറിക്കാരന് കൂലിക്ക് പകരമായി മരത്തടികൾ കൊണ്ടുപോകാൻ അന്നത്തെ പ്രധാനാധ്യാപിക അനുവാദം നൽകുകയും ഇത് വിവാദങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു.
ഇതേ തുടർന്ന് പി.ടി.എയുടെ നിർദേശപ്രകാരം മരം മുറിച്ച ആൾ തടികൾ തിരികെ സ്കൂളിൽ കൊണ്ടുവന്നിടുകയായിരുന്നു. ലേലം നടത്താൻ സ്കൂൾ അധികൃതരുടെ അപേക്ഷ പ്രകാരം സോഷ്യൽ ഫോറസ്ട്രി വിഭാഗം മരത്തടികൾ പരിശോധിച്ച് വില നിശ്ചയിച്ച് അനുമതി നൽകുകയും ചെയ്തിരുന്നു. എന്നാൽ, കൊണ്ടുപോയ മരത്തടികൾക്ക് പകരം മറ്റൊരു മരത്തിെൻറ തടികളാണ് തിരികെ കൊണ്ടുവന്നിട്ടതെന്ന് ആരോപണം ഉയർന്നു.
പിന്നീട് ലേല നടപടികളിൽനിന്ന് അന്നത്തെ പഞ്ചായത്ത് ഭരണസമിതി പിന്മാറി. സ്കൂൾ അങ്കണത്തിൽ ക്ലാസ് മുറികൾക്ക്് പിറകിൽ സൂക്ഷിച്ചിരുന്ന ഈ മരത്തടികളാണ് കത്തിനശിച്ചത്.ശനിയാഴ്ച രാവിലെ പത്തിന് സ്കൂളിലെത്തിയ ജീവനക്കാരിയാണ് മരത്തടികളിൽനിന്ന് പുക ഉയരുന്നത് കണ്ടത്. തീ ആളിക്കത്തിയതിനെ തുടർന്ന് ക്ലാസ് മുറികളിലെ സീലിങ്ങിനും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വിവരമറിയിച്ചതിനെ തുടർന്ന് പ്രധാനാധ്യാപിക പി. ശ്രീദേവി, വാർഡ് മെംബർ എം.കെ. ജോസ്, പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ സ്കൂളിലെത്തി.
എരുമപ്പെട്ടി ഇൻസ്പെക്ടർ കെ.കെ. ഭൂപേഷ്, എ.എസ്.ഐ ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്കൂളും പൊലീസ് സ്റ്റേഷനും തമ്മിൽ 100 മീറ്റർ അകലം മാത്രമാണുള്ളത്. സ്റ്റേഷന് മുന്നിലെ നിരീക്ഷണ കാമറ പൊലീസ് പരിശോധിക്കും. തീവെപ്പിന് പിറകിലെ സാമൂഹികവിരുദ്ധരെ കണ്ടത്തി ശിക്ഷാനടപടികൾ സ്വീകരിക്കണമെന്ന് പി.ടി.എ കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.