തിച്ചൂർ കോഴിക്കുന്ന് കോളനിയിൽ മണ്ണിടിഞ്ഞു; കുടുംബങ്ങൾ ഭീതിയിൽ
text_fieldsഎരുമപ്പെട്ടി: വരവൂർ പഞ്ചായത്തിലെ തിച്ചൂർ കോഴിക്കുന്ന് കോളനിയിൽ മണ്ണിടിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിലാണ് പത്ത് മീറ്ററോളം നീളത്തിൽ മണ്ണിടിഞ്ഞത്. കുന്നിൽ പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത് എന്നതിനാൽ കോളനിയിലെ താമസക്കാർ ഭീതിയിലാണ്.
പട്ടയമില്ലാത്ത വനഭൂമിയിലാണ് കോളനിയുള്ളത്. കഴിഞ്ഞ പ്രളയകാലത്ത് മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് കോളനിവാസികളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഇതിൽ 20 പേർക്ക് അഞ്ച് സെന്റ് ഭൂമി വീതം അനുവദിച്ച് ലൈഫ് പദ്ധതി പ്രകാരം വീട് നൽകി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവർക്കുകൂടി വീടും സ്ഥലവും അനുവദിച്ച് മറ്റിപ്പാർപ്പിക്കണമെന്ന് മുൻ പഞ്ചായത്ത് അംഗം രവീന്ദ്രൻ ആവശ്യപ്പെട്ടു.
കനത്ത മഴ; തിരുവില്വാമലയിൽ വീട് തകർന്നു
പഴയന്നൂർ: കനത്ത മഴയിൽ തിരുവില്വാമലയിൽ വീട് തകർന്നു. 15ാം വാർഡിലെ പൂതനക്കര പള്ളംപടി മുരളീധരന്റെ ഒറ്റമുറി വീടാണ് തിങ്കളാഴ്ച പുലർച്ച വൻ ശബ്ദത്തോടെ തകർന്ന് വീണത്. വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന കുടുംബനാഥൻ മുരളീധരന് കാലിലും ഭാര്യ ലതക്ക് തലയിലും പരിക്കേറ്റു.
പഴയന്നൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടി. തകർന്നുവീണ ഓടുകളും പട്ടികയും കഴുക്കോലുൾപ്പെടെയുള്ളവ നാട്ടുകാരുടെ നേതൃത്വത്തിൽ എടുത്തുമാറ്റി.
മാറ്റുന്നതിനിടെ ഇവരുടെ മകൾ ഹരിതക്ക് കാലിൽ പരിക്കേറ്റു. കഴിഞ്ഞ മഴക്കാലത്ത് ഇവരുടെ വീടിന്റെ ചുമർ തകർന്നുവീണിരുന്നു. തുടർന്ന് സ്ഥലം വാസയോഗ്യമല്ലാതിരുന്ന വീട് പൊളിച്ചു മാറ്റി പുതിയ ഒറ്റമുറി വീട് നിർമിച്ചതാണ്. തിരുവില്വാമല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ രാമചന്ദ്രൻ വെട്ടുക്കാട്ടിൽ സംഭവ സ്ഥലത്തെത്തിയിരുന്നു. മുരളീധരനെയും കുടുംബത്തെയും താൽക്കാലികമായി ബന്ധുവീട്ടിലേക്ക് മാറ്റി.
മരം വീണ് മൂന്ന് വീട് ഭാഗികമായി തകർന്നു;വീട്ടമ്മക്ക് പരിക്ക്
ചെറുതുരുത്തി: കനത്ത കാറ്റിലും മഴയിലും മരം വീണ് മൂന്നുപേരുടെ വീട് ഭാഗികമായി തകർന്നു. വയോധികയായ വീട്ടമ്മക്ക് പരിക്ക്. ചെറുതുരുത്തി ഇരട്ടക്കുളത്തിനുസമീപം താമസിക്കുന്ന കാളി, മുജീബ്, കല്യാണി എന്നിവരുടെ ഓടിട്ട വീടുകളിലേക്ക് സ്വകാര്യ വളപ്പിൽനിന്ന മരം കാറ്റിൽ കടപുഴകി വീഴുകയായിരുന്നു.
തിങ്കളാഴ്ച രാത്രി എട്ടിനാണ് സംഭവം. 80 വയസ്സുള്ള കാളിയുടെ ദേഹത്ത് ഓടും മരവും വീണതിനെ തുടർന്നാണ് പരിക്കേറ്റത്. ഇവരെ ആദ്യം ചെറുതുരുത്തി സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലീസും നാട്ടുകാരും ചേർന്ന് മരം മുറിച്ചു നീക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.