ലോക്ഡൗൺകാലത്തെ ഫീസ് അടച്ചില്ല: ഓൺലൈൻ ക്ലാസിൽനിന്ന് ഒഴിവാക്കി
text_fieldsഎരുമപ്പെട്ടി: ലോക്ഡൗൺ കാലത്തെ ഫീസ് ഇളവിനെച്ചൊല്ലി എയ്യാൽ നിർമലമാതാ സ്കൂളിൽ മാനേജ്മെൻറും രക്ഷാകർത്താക്കളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ഫീസടക്കാത്ത വിദ്യാർഥികളെ ഓൺലൈൻ ക്ലാസിൽനിന്ന് ഒഴിവാക്കിയതാണ് പ്രതിഷേധങ്ങൾക്ക് കാരണം. ലോക്ഡൗൺ കാലത്തെ ഫീസിൽ 50 ശതമാനം ഇളവ് നൽകണമെന്ന രക്ഷാകർത്താക്കളുടെ ആവശ്യത്തിന് സ്കൂൾ മാനേജ്മെൻറ് വഴങ്ങാത്തതാണ് പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നത്.
കുട്ടികളുടെ ടി.സി ആവശ്യപ്പെട്ട് തിങ്കളാഴ്ച സ്കൂളിലെത്തിയ ഒരുവിഭാഗം രക്ഷാകർത്താക്കൾ സ്കൂൾ അധികൃതരുമായി രൂക്ഷമായ വാക്കേറ്റം നടന്നു. കഴിഞ്ഞ ദിവസങ്ങളിലും സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധങ്ങളുണ്ടായിരുന്നു. ഇതേ തുടർന്ന് പൊലീസ് ഇടപെട്ട് ചർച്ച നടത്തിയെങ്കിലും മാനേജ്മെൻറ് രക്ഷിതാക്കളുടെ ആവശ്യങ്ങൾക്ക് വഴങ്ങിയില്ല. ഫീസിന് പുറമെ പി.ടി.എ ഫണ്ടും മറ്റു ഫണ്ടുകളും ഉൾപ്പെടുത്തി വലിയ തുകയാണ് ലോക്ഡൗൺ കാലത്തുള്ള ആദ്യഘട്ട ഓൺലൈൻ പഠനത്തിന് ഈടാക്കുന്നതെന്നാണ് രക്ഷാകർത്താക്കളുടെ ആരോപണം.
ഈ കാലയളവിൽ സ്കൂൾ ജീവനക്കാരുടെ ശമ്പളം പകുതിയാക്കി. എന്നിട്ടും കുട്ടികളുടെ ഫീസിൽ ഇളവ് നൽകിയില്ല. ആദ്യഘട്ട ഫീസടക്കാൻ ഭൂരിഭാഗം രക്ഷിതാക്കളും തയാറായിട്ടില്ലെന്നും പറയുന്നു.
200ഓളം രക്ഷാകർത്താക്കൾ ചേർന്ന് വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയാണ് പ്രതിഷേധം നടത്തുന്നത്. തങ്ങൾ ഡൊണേഷൻ നൽകിയാണ് അഡ്മിഷൻ നേടിയതെന്നും കുട്ടികളുടെ ടി.സിക്കൊപ്പം ഡൊണേഷൻ തുകയും തിരികെ നൽകണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
എന്നാൽ, ആരോപണങ്ങളെല്ലാം സ്കൂൾ അധികൃതർ നിഷേധിച്ചു. അഡ്മിഷന് ഡൊണേഷൻ വാങ്ങിയിട്ടില്ലെന്നും ഫീസിൽ വലിയ തോതിൽ ഇളവ് നൽകിയിട്ടുണ്ടെന്നുമാണ് സ്കൂൾ അധികൃതർ പറയുന്നത്.
അധ്യാപകരുടെ ശമ്പളം ഉൾപ്പെടെ വലിയ സാമ്പത്തിക ചെലവാണ് ഓൺലൈൻ ക്ലാസുകൾക്ക് ആവശ്യമായിവരുന്നതെന്നും 25 ശതമാനം ഇളവ് നൽകി സാധാരണയുള്ളതിനെക്കാൾ കുറഞ്ഞ തുകയാണ് ഈടാക്കുന്നതെന്നും സ്കൂൾ മാനേജ്മെൻറ് വ്യക്തമാക്കി. അതേസമയം, ഓൺലൈൻ ക്ലാസിൽനിന്ന് പുറത്താക്കിയ കുട്ടികളുടെ പഠനം വഴിമുട്ടിയെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.