കരിങ്കല്ലാണ് (മാഫിയകളുടെ) നെഞ്ചിൽ
text_fieldsഎരുമപ്പെട്ടി: ഏറ്റവും മികച്ച കരിങ്കൽ ശേഖരമാണ് കടങ്ങോട് ഗ്രാമത്തിെൻറ തീരാശാപം. കണ്ണിൽച്ചോരയില്ലാത്ത, കരിങ്കല്ലിെൻറ ഹൃദയവുമായി ചൂഷണം മാത്രം ലക്ഷ്യമിട്ടുള്ള ക്വാറി മാഫിയകളാണ് ഈ നാടിെൻറ ഉറക്കം കെടുത്തുന്നവർ. കരിങ്കല്ലിനായി ഭൂമി തുരന്ന് വികൃതമായ കടങ്ങോടിനെപ്പോലെ മറ്റൊരു പ്രദേശം സംസ്ഥാനത്ത് വിരളമാകും. നാട്ടുകാരിൽ ഒരു വിഭാഗത്തെ പണം വാരിവിതറി കൂടെനിർത്തിയും എതിർപ്പുകൾ അവഗണിച്ചും പരിസ്ഥിതി ചൂഷണം അരങ്ങ് വാഴുകയാണിവിടെ. സംസ്ഥാനത്ത് മലനാട് പ്രദേശത്ത് കറുപ്പു നിറവും കാരിരുമ്പുപോലെ ഉറപ്പുമുള്ള നല്ലയിനം കരിങ്കൽ ശേഖരമാണ് കടങ്ങോട്, എരുമപ്പെട്ടി, വേലൂർ പഞ്ചായത്തുകളിൽ വ്യാപിച്ചു കിടക്കുന്നത്. അതുകൊണ്ടുതന്നെ 10 കിലോമീറ്റർ ചുറ്റളവിൽ നൂറുകണക്കിന് കരിങ്കൽ ക്വാറികളും നാല് വൻകിട ക്രഷർ യൂനിറ്റുകളുമുണ്ട്.
കടങ്ങോട് പഞ്ചായത്തിലെ മയിലാടുംകുന്ന്, എരുമപ്പെട്ടി പഞ്ചായത്തിലെ കരിയന്നൂർകുന്ന്, മുരിങ്ങത്തേരി, മങ്ങാട് കുന്ന്, വേലൂർ പഞ്ചായത്തിലെ പഴവൂർ, തയ്യൂർ ഗ്രാമങ്ങളാണ് അമിതമായി ഖനനം നടന്ന പ്രദേശങ്ങൾ. മയിലാടുംകുന്നിൽ രണ്ടും പഴവൂർ, തയ്യൂർ പ്രദേശങ്ങളിൽ ഓരോ ക്രഷർ യൂനിറ്റുമുണ്ട്. അതിലേക്ക് കരിങ്കല്ല് എത്തിക്കാൻ നിരവധി ക്വാറികളും ഈ ലോക്ഡൗൺ കാലത്തും പ്രവർത്തിക്കുകയാണ്.
ക്വാറികളുടെ വിസ്തൃതി വർധിച്ച് ജനവാസ കേന്ദ്രങ്ങളിലേക്ക് വളരുന്നതും രഹസ്യമായി പുതിയ ക്വാറികൾ ആരംഭിക്കുന്നതുമാണ് കടങ്ങോട് നിവാസികൾ നേരിടുന്ന പ്രധാന പ്രശ്നം.
സ്ഫോടനം നടത്തി കരിങ്കല്ല് പൊളിച്ചെടുക്കുമ്പോൾ സമീപത്തെ വീടുകൾക്കു മുകളിൽ കഷണങ്ങൾ തെറിച്ച് അപകടം പതിവാണ്. ഉഗ്ര സ്ഫോടനത്തിെൻറ ശക്തിയിൽ വീടുകളിലെ ചുമരും നിലവും വിള്ളുന്നതും നിത്യ സംഭവം. രാപകൽ ഭേദമില്ലാതെ ശബ്ദമലിനീകരണം വേറെ.
തുരക്കാൻ മണ്ണ് സ്വന്തമാക്കി, കുറഞ്ഞ വിലയ്ക്ക്
പാറമണൽ, മെറ്റൽ എന്നിവയുടെ ഉപഭോഗം വർധിച്ചതോടെ ക്രഷറിനോട് ചേർന്ന ഭൂമിയെല്ലാം ചുരുങ്ങിയ വിലയിൽ വാങ്ങിക്കൂട്ടി അവിടെയെല്ലാം കരിങ്കൽ ഖനനം ആരംഭിച്ചു. തൊഴിലാളികളായ നാട്ടുകാരെ വഞ്ചിച്ച ക്രഷർ ഉടമകൾ നാട്ടിലെ ഛോട്ടാ നേതാക്കൾക്ക് അകമഴിഞ്ഞ് സംഭാവനകൾ നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കാൻ രാഷ്ട്രീയ നേതൃത്വം മുന്നോട്ടു വരുന്നില്ല.
ജനവാസകേന്ദ്രത്തിൽ നിന്നുള്ള ക്വാറികളുടെ ദൂരം 200 മീറ്ററായിരുന്നത് 50 മീറ്ററാക്കി കുറച്ചതിനെ തുടർന്നാണ് ജനവാസകേന്ദ്രത്തിന് സമീപം പുതിയ ക്വാറികൾ ആരംഭിച്ചത്. 2020 ജൂലൈയിൽ ജനവാസമേഖലയിൽനിന്ന് 200 മീറ്റർ അകലെയായിരിക്കണം ക്വാറികളെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. ലോക്ഡൗൺ കാലത്ത് പ്രവൃത്തി നടന്നിെല്ലന്നും വലിയ നഷ്ടം വന്നെന്നും കാണിച്ച് ക്വാറി ഉടമകൾ നൽകിയ അപേക്ഷകൾ പരിഗണിച്ച് സർക്കാർ ഒരു വർഷത്തേക്കു കൂടി അനുമതികൾ നീട്ടിക്കൊടുത്തു. ഇതോടെ ജനവാസമേഖലയിൽനിന്ന് ക്വാറിക്കുള്ള ദൂരപരിധി വീണ്ടും 50 മീറ്ററായി കുറഞ്ഞു.
തൊഴിൽ നഷ്ടത്തോടൊപ്പം ജീവനും സ്വത്തിനും ഭീഷണിയായി ക്വാറികളും ക്രഷറുകളും മാറിയതോടെ നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങളാണ് നിസ്സഹായതയോടെ നെടുവീർപ്പിടുന്നത്.
നാട്ടുകാരെ തൊഴിൽ നൽകി പാട്ടിലാക്കി; പിന്നെ പുറത്താക്കി
ആദ്യകാലങ്ങളിൽ കടങ്ങോട്ടെ നാട്ടുകാർ ക്വാറികൾക്ക് അനുകൂലമായിരുന്നു. അവർക്ക് തൊഴിൽ നൽകിയിരുന്നതും പട്ടിണി മാറ്റിയതും ക്വാറികളാണ്. പ്രദേശത്തെ മിക്ക കുടുംബങ്ങളിലെ സ്ത്രീകൾക്കും യുവാക്കൾക്കും വയോധികർക്കുപോലും ഇവിടെ തൊഴിലുണ്ടായിരുന്നു. പിന്നീട് ക്രഷറുകൾ വന്നപ്പോൾ അവരുടെ ക്വാറികളിലും നാട്ടുകാർക്ക് തൊഴിൽ കിട്ടി. നാട്ടുകാരുടെ ഉടമസ്ഥതയിലുള്ള ക്വാറികളുടെ പ്രവർത്തനം പരിസ്ഥിതി നിയന്ത്രണങ്ങളുടെ പേരിൽ ഒന്നൊന്നായി നിർത്തി. എന്നാൽ, ക്രഷർ ഉടമകളുടെ ക്വാറികൾക്ക് നിയന്ത്രണം ബാധകമായില്ല.
നിർബാധം പ്രവർത്തിച്ച ക്വാറിയിൽനിന്ന് നാട്ടുകാരായ തൊഴിലാളികളെ പതിയെ ഒഴിവാക്കി ഇതര സംസ്ഥാന തൊഴിലാളികൾക്ക് തൊഴിൽ നൽകിത്തുടങ്ങി. ആധുനിക യന്ത്രവത്കരണം കൂടിയായപ്പോൾ നാട്ടുകാരുടെ തൊഴിൽ പൂർണമായും ഇല്ലാതായി.
കോവിഡ് ലോക്ഡൗണിൽ തൊഴിലില്ലാതെ മുഴുപട്ടിണിയിൽ ആയിരിക്കുകയാണ് കടങ്ങോട് പ്രദേശത്ത തൊഴിലാളി കുടുംബങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.