പൂരത്തിനിടെ ആനയിടഞ്ഞു; നാലുപേർ മൂന്നു മണിക്കൂർ ആനപ്പുറത്ത് കുടുങ്ങി
text_fieldsഎരുമപ്പെട്ടി: തോന്നല്ലൂർ ബാല നരസിംഹമൂർത്തി ക്ഷേത്രത്തിലെ പൂരത്തിനിടെ ആനയിടഞ്ഞു. ആനപ്പുറത്ത് കയറിയ നാലുപേർ മൂന്നുമണിക്കൂർ ആനപ്പുറത്ത് കുടുങ്ങി. വെള്ളിയാഴ്ച വൈകീട്ട് ആറേകാലിന് കൂട്ടിയെഴുന്നള്ളിപ്പിനുശേഷം മേളം നടപ്പുരയിലേക്ക് കയറുമ്പോഴാണ് കുട്ടംകുളങ്ങര ശ്രീനിവാസൻ എന്ന കൊമ്പൻ ഇടഞ്ഞത്.
ക്ഷേത്രത്തിൽനിന്ന് പുറത്തേക്ക് ഓടിയ ആന സമീപത്തെ പാടശേഖരത്തിലേക്ക് ഓടിയിറങ്ങി. ഓട്ടത്തിനിടെ ഒരു സ്കൂട്ടറും രണ്ട് മോട്ടോർ ബൈക്കുകളും കച്ചവട ഷെഡുകളും ആന നശിപ്പിച്ചു. തിരിച്ച് ക്ഷേത്ര ഊട്ടുപുരക്ക് അടുത്തുള്ള ആൽത്തറയുടെ സമീപം എത്തിയ ആനയെ ചങ്ങലകൊണ്ട് തെങ്ങിൽ ബന്ധിക്കുകയായിരുന്നു. കുന്നംകുളത്തുനിന്ന് എലിഫന്‍റ് സ്ക്വാഡ് എത്തിയാണ് ആനയെ ബന്ധിച്ചത്. എന്നിട്ടും ആന ശാന്തനാകാത്തതിനാൽ പുറത്ത് കയറിയവർക്ക് ഇറങ്ങാനായില്ല. മൂന്നുമണിക്കൂറിന് ശേഷമാണ് ഇവരെ താഴെ ഇറക്കിയത്.
എഴുന്നള്ളിപ്പ് സമയത്ത് ആനക്ക് നടച്ചങ്ങല ഇട്ടിരുന്നില്ല. തോന്നല്ലൂർ വലിയ സുദായം പൂരാഘോഷ കമ്മിറ്റി എഴുന്നള്ളിച്ച ആനയാണ് ഇടഞ്ഞത്. എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.