എല്ലാം ദുഃസ്വപ്നം പോലെ; സുമിയിൽനിന്ന് ആദിലെത്തി
text_fieldsതൃശൂർ: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ ആദിൽ അബ്ദുൽ ജബ്ബാറിന് കണ്ണീർ പൊടിഞ്ഞു. യുക്രെയ്നിലെ സുമിയിലെ രണ്ടാഴ്ച നീണ്ട ദുരിതദിനങ്ങൾ. ''ബ്രഡും വെള്ളവും മാത്രം കഴിച്ച് യുദ്ധഭീതിയിൽ തണുത്തുവിറച്ചു സഹായത്തിന് കേണപേക്ഷിച്ച ദിനങ്ങൾ അത്ര പെട്ടെന്നൊന്നും മറക്കാനാവില്ല. ഇപ്പോഴും ബോംബിന്റെ ശബ്ദം ചെകിടിൽ പതിക്കുന്ന പോലെ തോന്നുന്നു''- ആദിൽ ' മാധ്യമ'ത്തോട് പറഞ്ഞു.
ശനിയാഴ്ച പുലർച്ച 2.20നാണ് നെടുമ്പാശ്ശേരി എയർപോർട്ടിൽ ആദിലും മലയാളി സംഘവും ഇറങ്ങിയത്. പോളണ്ടിൽനിന്ന് വിമാനമാർഗം ഡൽഹിയിലും അവിടെനിന്ന് വിമാനമാർഗം ഗോവ, ഗോവയിൽനിന്ന് നെടുമ്പാശ്ശേരിയിലെത്തി. യുക്രെയിനിലെ സുമി നാഷനൽ അഗ്രേറിയൻ യൂനിവേഴ്സിറ്റിയിൽ വെറ്ററിനറി മെഡിസിന് പഠിക്കുന്ന തൃശൂർ മുടിക്കോട് സ്വദേശി ആദിൽ അബ്ദുൽ ജബ്ബാറിനൊപ്പം യൂനിവേഴ്സിറ്റിയിൽ കുടുങ്ങിയ എട്ട് ഇന്ത്യൻ വിദ്യാർഥികളുണ്ടായിരുന്നു. ബോംബിങ്ങിൽ ബംഗറുകളിൽ അഭയം തേടി.
ഒടുവിൽ രണ്ടും കൽപിച്ച് എട്ടുകിലോമീറ്റർ നടന്ന് യൂനിവേഴ്സിറ്റിയുടെ എം.ബി.ബി.എസുകാരുടെ ഹോസ്റ്റലിൽ എത്തി. ഇവിടെ 300ഓളം മലയാളികളടക്കം 480 ഇന്ത്യക്കാരുണ്ടായിരുന്നു. വെള്ളം തീർന്ന അവസ്ഥയിൽ ഭാഗ്യത്തിന് മഞ്ഞുവീഴ്ച തുടങ്ങി. മഞ്ഞുരുക്കി വെള്ളമാക്കിയായിരുന്നു ജീവൻ മുന്നോട്ടുകൊണ്ടുപോയത്. ഇവർ നിൽക്കുന്നതിന് അടുത്തുള്ള അതിർത്തി റഷ്യയുടേതാണ്. ഹംഗറി, റെമാനിയ, പോളണ്ട് അതിർത്തികളിലെത്തണമെങ്കിൽ യുദ്ധം രൂക്ഷമായ ഖാർകീവും കീവും കടന്നുപോകണം. ഒടുവിൽ സുമിയിലെ വിദ്യാർഥികളുടെ പ്രാർഥനക്ക് ഫലമുണ്ടായി.
രക്ഷാദൗത്യമായി പോളണ്ട് അതിർത്തി അവർക്കായി തുറന്നു. ആദിലിന്റെ മാതാപിതാക്കളായ അദ്ബുൽ ജബ്ബാറും സറീന ജബ്ബാറും ബന്ധുക്കളും വിമാനത്താവളത്തിലെത്തിയിരുന്നു. 'ഒക്കെ ദുഃസ്വപ്നം പോലെ തോന്നുന്നു'- ആദിൽ പറഞ്ഞുനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.