10 ലക്ഷം രൂപ തന്നില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണി
text_fieldsപട്ടിക്കാട്: വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച ചെയ്ത കേസിൽ പ്രതിയായ ആലത്തൂർ സ്വദേശി വാനൂർ വീട്ടിൽ ഹക്കീമിനെ (38) ഞായറാഴ്ച രാവിലെ കൊഴിഞ്ഞാമ്പാറ എസ്.ഐ ജയപ്രസാദിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം വഴുക്കുംപാറയിൽ എത്തിച്ച് തെളിവെടുത്തു. 2018 ഏപ്രിൽ 28നാണ് കേസിനാസ്പദമായ സംഭവം.
2018 മേയിൽ കേസിലെ രണ്ട് പ്രതികൾ കീഴടങ്ങിയിരുന്നു. കോയമ്പത്തൂരിലെ ഒറ്റക്കാൽ മണ്ഡപം പ്രീമിയർ നഗറിലെ വാടക വീട്ടിൽ നിന്നാണ് ഹക്കീമിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഞ്ചാവ് കടത്തു കേസിലും വടക്കഞ്ചേരിയിൽ വധശ്രമക്കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കേസിലെ അഞ്ച് പ്രതികൾ പിടിയിലായി. മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം നടത്തിവരികയാണ്.
തൃശൂരിൽനിന്ന് പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്ന പച്ചക്കറി മൊത്തവ്യാപാരി പൊള്ളാച്ചി കട്ടബൊമ്മൻ സ്ട്രീറ്റ് സ്വദേശി അരുൺ വെങ്കിടേഷ് പ്രഭുവിനെ തൃശൂരിൽനിന്ന് പിന്തുടർന്ന സംഘം പണം അപഹരിക്കുന്നതിനായി വഴുക്കുംപാറയിൽ വെച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു. പാലക്കാട് എസ്.പി ഓഫിസിലേക്ക് എന്നു പറഞ്ഞ് കൊഴിഞ്ഞാമ്പാറയിലെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് മർദിച്ച് അവശനാക്കി കൈയിലുണ്ടായിരുന്ന 4,40,000 രൂപ കൈക്കലാക്കി. തുടർന്ന് ഇയാളുടെ വീട്ടിലേക്ക് വിളിപ്പിച്ച് 10 ലക്ഷം രൂപ തന്നില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. രാത്രി തന്നെ സ്വരൂപിച്ച ഒന്നര ലക്ഷം രൂപയുമായി പിറ്റേ ദിവസം രാവിലെ ആറോടെ വീട്ടുകാർ എത്തിയപ്പോഴാണ് ഗോപാലപുരത്തുവെച്ച് അരുണിനെ വിട്ടുനൽകിയത്.
അന്വേഷണത്തിനായി പാലക്കാട് എസ്.പി വിശ്വനാഥ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിരുന്നു. ചിറ്റൂർ എ.എസ്.പി പദംസിംഗിെൻറ നേതൃത്വത്തിൽ ചിറ്റൂർ സി.ഐ ശശിധരൻ, ഇപ്പോൾ കൊഴിഞ്ഞാമ്പാറ എസ്.ഐ ആയ ജയപ്രസാദ്, എ.എസ്.ഐ അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വിനോദ്, അനീഷ്, മണികണ്ഠൻ, സി.പി.ഒമാരായ രാമസ്വാമി, അനൂപ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.