തൃശൂരിലെ 'തമിഴ് ബാർ' എക്സൈസ് പൂട്ടിച്ചു; ഉടമ അറസ്റ്റിൽ
text_fieldsതൃശൂർ: വാടകക്കെടുത്ത വീട്ടിൽ ബാർ മാതൃകയിൽ തമിഴ്നാട്ടുകാർക്ക് മാത്രമായി മദ്യവിൽപന നടത്തിവന്ന തമിഴ്നാട് സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. തിരുവണ്ണാമല മമ്പാട്ടു സ്വദേശി സെൽവമാണ് (40) തൃശൂര്‍ എക്സൈസ് റേഞ്ചിെൻറ പിടിയിലായത്. തൃശൂർ പടിഞ്ഞാറെ കോട്ടയില്‍ വീട് വാടകക്ക് എടുത്തായിരുന്നു മദ്യവിൽപന. തമിഴ്നാട് സ്വദേശികൾക്ക് മാത്രമായിരുന്നു മദ്യം നൽകിയിരുന്നത്.
റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.ആർ. ഹരിനന്ദനന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. നാലുവർഷമായി പടിഞ്ഞാറെ കോട്ടയിൽ വീട് വാടകക്ക് എടുത്തിട്ട്. ഇവിടെ തമിഴ്നാട് സ്വദേശികൾക്ക് താമസിക്കാൻ സൗകര്യവും നൽകുന്നുണ്ട്. കിടക്കാനുള്ള പായ, ഷീറ്റ് എല്ലാം താമസിക്കുന്നവർ കൊണ്ടുവരണം. അവർ പോകുമ്പോൾ അത് തിരിച്ച് കൊണ്ടുപോകും. ഒന്നും ഇല്ലാത്തവർ പേപ്പർ വിരിച്ച് കിടക്കും. വെറും തറയിലാണ് എല്ലാവരും കിടക്കുന്നത്. ഒരുദിവസം 30ലധികം പേർ ഈ വീട്ടിൽ താമസിച്ചിരുന്നു. അവരിൽ നിന്നെല്ലാം രാത്രി തങ്ങാൻ 50 രൂപ വെച്ച് വാങ്ങും. ഭക്ഷണം വേണമെങ്കിൽ വേറെ പണം നൽകണം. ഇങ്ങനെ ദിവസം 30-50 വരെ ആളുകൾ താമസിച്ചിരുന്നു.
മദ്യം കിട്ടാത്ത ദിവസങ്ങളിൽ തമിഴ്നാട്ടുകാർ മദ്യപിച്ച് വരുന്നതും പടിഞ്ഞാറെ കോട്ടയിൽനിന്ന് ബഹളമുണ്ടാക്കുന്നതും ശ്രദ്ധയിൽപെട്ടിരുന്നു. ഇക്കാര്യം നിരീക്ഷിച്ചാണ് ബാർ വീട്ടിലേക്ക് എത്തിയത്. 180 മില്ലി ലിറ്ററിന് 200 രൂപ നിരക്കിലാണ് വിൽപന നടത്തിയിരുന്നത്. പുലർച്ച നാലോടെ ഇവിടെ മദ്യവിൽപന തുടങ്ങും. പുറത്ത് താമസിക്കുന്ന തമിഴ്നാട്ടുകാർ വരി വരിയായി വരും. അവരെ ഇരുന്ന് കഴിക്കാൻ സമ്മതിക്കില്ല. ആവശ്യമുള്ളവർ മദ്യം വാങ്ങി സഞ്ചിയിൽ വെച്ച് പോകും. ആവശ്യക്കാർ കുപ്പി കൊണ്ടുവരണം. അതിൽ ഒഴിച്ച് കൊടുത്ത് കാശ് വാങ്ങും. മലയാളികള്‍ക്കും മറ്റ് സംസ്ഥാനക്കാർക്കും സെൽവം മദ്യം വില്‍ക്കാറില്ല. ആവശ്യമുള്ളവർ തമിഴ്നാട്ടുകാരുടെ കൈവശം പൈസയും കാലിക്കുപ്പിയും കൊടുത്തുവിടും. അവർ വാങ്ങി മറ്റുള്ളവർക്ക് കൊടുക്കും.
ബിവറേജ് ഷോപ്പിൽനിന്നാണ് സെൽവം മദ്യം വാങ്ങുന്നത്. 20 ലിറ്ററിലധികം മദ്യം ദിവസവും ഇയാൾ വിറ്റിരുന്നതായി എക്സൈസ് അധികൃതർ പറഞ്ഞു. വിൽപനക്ക് ശേഷം ഇയാളുടെ കൈവശമുണ്ടായിരുന്ന മൂന്നര ലിറ്റർ മദ്യവും എക്സൈസ് പിടിച്ചെടുത്തു. പ്രിവൻറിവ് ഓഫിസർ കെ.എം. സജീവ്, കെ.വി. രാജേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ പി.വി. വിശാൽ, ടി.സി. വിപിൻ, ഇർഷാദ്, ശ്രീരാഗ് എന്നിവർ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.