സംഘചിത്രത്തിന്റെ സാമൂഹിക ബോധമുണർത്തി 'കമ്യൂൺ'
text_fieldsതൃശൂർ: മനുഷ്യൻ തന്റെ ആവശ്യങ്ങൾക്കല്ലാതെ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങൾ വരകളിലുടെ വരച്ചിടുകയാണ് ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ ഒരുക്കിയ 'കമ്യൂൺ' സംഘ കലാപ്രദർശനം. കലാകാരന്മാരായ ശ്രീകാന്ത് നെട്ടൂർ, റിങ്കു ആഗസ്റ്റിൻ, ബിജി ഭാസ്കർ എന്നിവരുടെ സൃഷ്ടികളാണ് പ്രദർശനത്തിനുള്ളത്.
നാട്ടിടവഴിയിലും മുൾവേലിയിലും മുത്തശ്ശിമാരിലുമൊക്കെയാണ് ബിജി ഭാസ്കറിന്റെ വര തറഞ്ഞുനിൽക്കുന്നത്. ശ്രീകാന്ത് നെട്ടൂരിന്റെയും റിങ്കു ആഗസ്റ്റിന്റെയും വരകൾ കുറച്ചുകൂടി ശക്തമാണ്. ഭക്ഷണത്തിലെ വിഷബാധയേറ്റ് ചിറകറ്റ് വീഴുന്ന പക്ഷി മനുഷ്യർക്കും പാഠമാണെന്ന് റിങ്കു ഓർമപ്പെടുത്തുന്നു. എറണാകുളം പോത്തനിക്കോട് സ്വദേശിയായ ശ്രീകാന്ത് നെട്ടൂരും റിങ്കു അഗസ്റ്റിനും തൃപ്പൂണിത്തുറ ആർ.എൽ.വി ഫൈൻ ആർട്സ് കോളജിൽനിന്ന് ചിത്രകലയിൽ നാഷനൽ ഡിപ്ലോമ നേടിയവരാണ്. റിങ്കു കാലടി ശ്രീശങ്കരാ കോളജിൽനിന്ന് എം.എഫ്.എയും നേടിയിട്ടുണ്ട്.
മൂന്നുപേരും നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ക്യാമ്പുകളിലും പങ്കെടുത്തു. അവാർഡുകളും നേടിയിട്ടുണ്ട്. പ്രദർശനം 14 വരെ തുടരും. രാവിലെ പത്തുമുതൽ വൈകീട്ട് 6.30വരെയാണ് പ്രദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.