എക്സിറ്റ് പോൾ: പ്രതീക്ഷയിൽ ഇടതുമുന്നണി, അട്ടിമറി പ്രതീക്ഷിച്ച് യു.ഡി.എഫ്; ഞെട്ടിപ്പിക്കുമെന്ന് ബി.ജെ.പി
text_fieldsതൃശൂർ: ഇന്ന് ഒരു നാൾ മാത്രം, നാളെ രാവിലെയോടെത്തന്നെ ആര് ആർക്കൊപ്പമെന്നും ആരുടെ വാദങ്ങളാണ് ജനങ്ങൾ സ്വീകരിച്ചതെന്നും വ്യക്തമാവും. അവസാന മണിക്കൂറിലടുത്തപ്പോൾ വോട്ടെടുപ്പ് ദിവസങ്ങളിലെ ചിരിയിലല്ല മുന്നണികൾ. ആത്മവിശ്വാസവും പ്രതീക്ഷയും പങ്കുവെക്കുന്നുണ്ടെങ്കിലും ഉള്ളിൽ ചങ്കിടിപ്പാണ്. 2016ൽ ഒന്നൊഴിെകയെല്ലാം തൂത്തെടുത്ത ഇടതുമുന്നണിക്ക് ഒരെണ്ണം നഷ്ടമായാൽ കൂടി തിരിച്ചടിയാണ്.
ഭരണവിരുദ്ധ വികാരമില്ലെന്നും പ്രളയകാല പ്രവർത്തനവും ക്ഷേമപദ്ധതികളും കിറ്റുമെല്ലാം ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്നാണ് ഇടതുമുന്നണി അവകാശപ്പെടുന്നതെങ്കിലും ഉള്ളിൽ ആശങ്കയുടെ കാളലുണ്ട്. ദേശീയ രാഷ്ട്രീയ രംഗത്ത് പോലും കോളിളക്കമുണ്ടാക്കിയ ലൈഫ് മിഷൻ വിവാദമുയർന്നത് ജില്ലയിൽ നിന്നാണെന്നതിനാൽ ജില്ലയിൽ ഒരു സീറ്റിെൻറ നഷ്ടപ്പെടലും വടക്കാഞ്ചേരിയിലെ വോട്ട് മാറ്റമാണെങ്കിലും ഇരു മുന്നണികൾക്കും നിർണായകമാണ്. പുതുമുഖങ്ങളെയും യുവമുഖങ്ങളെയും അണിനിരത്തിയാണ് ഇത്തവണ മൂന്ന് മുന്നണികളും തെരഞ്ഞെടുപ്പിനെ നേരിട്ടത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ഇഞ്ചോടിഞ്ച് മത്സരത്തെ കടുപ്പിച്ച് ഇടതു മുന്നണിയെ മൂന്നാം സ്ഥാനത്താക്കിയ നടൻ സുരേഷ്ഗോപി കൂടി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയതോടെ തൃശൂർ ജില്ലയിലെ തെരഞ്ഞെടുപ്പിന് താരപ്രൗഢിയായിരുന്നു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിൽ ജില്ലയുമുണ്ട്. മാധ്യമങ്ങളുടെ സർവേ ഫലങ്ങളിൽ ആശ്വാസത്തിലാണ് ഇടതുമുന്നണി. 2016ന് സമാനമായതോ അതിലുയർന്നതോ ആയ തെരഞ്ഞെടുപ്പ് ഫലം തന്നെയാവും ഇത്തവണയുണ്ടാവുകയെന്ന് സി.പി.എം പറയുന്നു. 10 വരെ സീറ്റുകൾ ഉറപ്പാണെന്നാണ് സി.പി.എം അവസാനമെടുത്ത കണക്കിലുമുള്ളത്. അതേസമയം, അഞ്ച് വരെ സീറ്റുകൾ ഉറപ്പെന്നാണ് കോൺഗ്രസ് കണക്ക്. ഏറെ പ്രതീക്ഷ തൃശൂരിൽതന്നെ. ബി.ജെ.പിക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ് തൃശൂരിൽ നടൻ സുരേഷ്ഗോപിയുടെ സ്ഥാനാർഥിത്വം.
കഴിഞ്ഞ ദിവസം പുറത്തുവന്ന ചാനൽ സർവേ ഫലങ്ങളിൽ തൃശൂരിൽ അട്ടിമറിയുണ്ടായേക്കുമെന്ന സൂചന നൽകിയതും ആഹ്ലാദത്തിലാണ്. ഇരിങ്ങാലക്കുട, പുതുക്കാട്, മണലൂർ, കുന്നംകുളം എന്നിവിടങ്ങളിൽ രണ്ടാമതെത്തുമെന്നാണ് കണക്ക്. ഗുരുവായൂരിൽ സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളിയതും ഒടുവിൽ കൊടകരയിലെ കുഴൽപ്പണ കവർച്ച വിവാദവും പ്രതിസന്ധിയിലാക്കിയിരിക്കെ ഇതിനെ മറികടക്കണമെങ്കിൽ നിർണായക മുന്നേറ്റം അനിവാര്യമാണ്. വലിയ മുന്നേറ്റമുണ്ടാക്കുമെന്നും ഇരുമുന്നണികളെയും ഞെട്ടിക്കുന്നതാവും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടനമെന്നും നേതൃത്വം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.