മുഖം തെളിഞ്ഞ് കൊടുങ്ങ ചിറ
text_fieldsകൊടകര: പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ട് കിടന്ന കൊടുങ്ങചിറയുടെ മുഖം തെളിഞ്ഞു. മറ്റത്തൂര്‍ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തിയ 20 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച കൊടുങ്ങചിറ ജൂലൈ 28ന് കെ.കെ. രാമചന്ദ്രന് എം.എല്‍.എ നാടിന് സമര്‍പ്പിക്കും.
മറ്റത്തൂര്‍ പഞ്ചായത്തിന്റെ കിഴക്കന്‍ മലയോര മേഖലയിലുള്ള കൊടുങ്ങചിറക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കൊച്ചി രാജവംശവുമായി ബന്ധപ്പെട്ടതാണ് ചിറയുടെ ചരിത്രം. വെള്ളം ലഭ്യമാക്കി വന്യമൃഗങ്ങളെ ആകര്‍ഷിക്കാൻ രാജാവിന്റെ നിർദേശപ്രകാരമാണ് അക്കാലത്ത് ചിറ നിര്‍മിച്ചത്.
തൃപ്പൂണിത്തുറയില്‍നിന്ന് ഇടക്ക് കൊടുങ്ങ കോവിലകത്ത് എത്തിയിരുന്ന രാജാവ് കോവിലകത്തിന്റെ മട്ടുപാവില്‍ കയറി കുളത്തിന്റെ കരയിലെത്തുന്ന വന്യമൃഗങ്ങളെ നോക്കിയിരിക്കാറുണ്ടെന്ന് പഴമക്കാര്‍ പറയുന്നു. പിന്നീട് ഏറെക്കാലം അവഗണനയില്‍ കിടന്ന കൊടുങ്ങചിറയെ ഒന്നാം ജനകീയാസൂത്രണ പദ്ധതി കാലത്ത് വീണ്ടെടുക്കാനുള്ള ശ്രമം നടന്നു. ചിറയുടെ വശങ്ങളില് കരിങ്കല്‍കെട്ടി സംരക്ഷിക്കുകയാണ് അന്ന് ചെയ്തത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെ നാശോന്മുഖമായി കിടന്ന ചിറ നവീകരിക്കണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് മറ്റത്തൂര്‍ പഞ്ചായത്ത് നടപടി സ്വീകരിച്ചത്. നിര്‍മാണസാമഗ്രികള്‍ എത്തിക്കാനാവശ്യമായ വീതിയുള്ള വഴി ഇല്ലാത്തത് ചിറയുടെ വികസനത്തിന് വിലങ്ങുതടി സൃഷ്ടിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബിയുടെയും കൊടുങ്ങ വാര്‍ഡ് അംഗം കെ.ആര്. ഔസേപ്പിന്റേയും ശ്രമഫലമായി ചിറയിലേക്കുള്ള ഒറ്റയടിപാത മൂന്ന് മീറ്ററാക്കി വികസിപ്പിക്കാന്‍ സാധിച്ചു. ഒറ്റയടി പാതയുടെ ഇരുവശത്തുമുള്ള സ്ഥലമുടമകള്‍ ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടുകൊടുത്തതോടെയാണ് റോഡ് വികസനം സാധ്യമായത്.
വര്‍ഷങ്ങള്‍ക്ക് ശേഷം കൊടുങ്ങചിറയുടെ മുഖം തെളിഞ്ഞുകണ്ടതിന്റെ ആഹ്ലാദത്തിലാണ് നാട്ടുകാര്‍. നവീകരണത്തിന്റെ രണ്ടാം ഘട്ടമായി ചിറ ആഴം കൂട്ടണമെന്നും വെള്ളിക്കുളം വലിയ തോട് പരിസരത്ത് ലിഫ്റ്റ് ഇറിഗേഷന്‍ സ്ഥാപിച്ച് വെള്ളം പമ്പ് ചെയ്ത് വേനലില്‍ ചിറയിലെ ജലനിരപ്പ് നിലനിര്‍ത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ചിറയിലെ വെള്ളത്തെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന കുടിവെള്ള പദ്ധതി സ്ഥാപിച്ചാല്‍ സമീപ പ്രദേശങ്ങളായ കുറിഞ്ഞിപ്പാടം, ഇണ്ണോട്, നായാട്ടുകുണ്ട്, ചൊക്കന എന്നിവിടങ്ങളില്‍ വേനലില്‍ അനുഭവപ്പെടുന്ന ജലക്ഷാമത്തിന് ശാശ്വതപരിഹാരം കാണാനുമാകുമെന്നും പറയുന്നു. ചിറക്ക് ചുറ്റും ടൈല്‍ വിരിച്ച നടപ്പാതയും പൂന്തോട്ടവും ഇരിപ്പിടങ്ങളും ഒരുക്കി കൊടുങ്ങചിറയെ മറ്റത്തൂര്‍ പഞ്ചായത്തിന്റെ പ്രദേശിക ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്തുക, വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കാനുള്ള പദ്ധതിക്ക് രൂപം നല്‍കുക എന്നീ ആവശ്യങ്ങളും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.