വ്യാജ ലഹരിക്കേസ്;സംശയത്തിലുള്ള ബന്ധു ബംഗളൂരുവിൽ ഒളിവിൽ
text_fieldsതൃശൂർ: ചാലക്കുടി വ്യാജ ലഹരിക്കേസിൽ എക്സൈസ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടായത് ഗുരുതര വീഴ്ച. ഇന്റർനെറ്റ് കോളിലൂടെ ലഭിച്ച വിവരത്തിന്റെ ആധികാരികത പരിശോധിക്കാതെയാണ് നടപടി സ്വീകരിച്ചത്. പിടിച്ചത് എൽ.എസ്.ഡി ആണോയെന്ന് ഉറപ്പിച്ചത് ഊഹത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്. ലഹരിമരുന്ന് സംബന്ധിച്ച വിവരം ലഭിച്ചത് ഇന്റര്‍നെറ്റ് കോളില്‍ നിന്നായിരുന്നെന്ന് ഇരിങ്ങാലക്കുട മുൻ എക്സൈസ് ഇൻസ്പെക്ടർ കെ. സതീശന് കേസന്വേഷിക്കുന്ന എക്സൈസ് ക്രൈംബ്രാഞ്ചിന് മൊഴി നല്കി. വാട്സ് ആപ് കോളിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് സ്റ്റാമ്പ് പിടിച്ചത്. കോളിന്റെ ആധികാരികത പരിശോധിക്കാതെയായിരുന്നു റെയ്ഡ്. പിടിച്ചെടുത്ത സ്റ്റാമ്പ് പരിശോധിക്കാൻ ടെസ്റ്റിങ് കിറ്റുണ്ടായിരുന്നില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. പിടിച്ചെടുത്തത് എല്‍.എസ്.ഡി സ്റ്റാമ്പുകളാണെന്ന് എങ്ങനെയാണ് ഉറപ്പിച്ചതെന്ന് അന്വേഷിച്ചപ്പോൾ പരിചയസമ്പത്തിന്റെ ഭാഗമായി മനസ്സിലായെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞത്. അന്നത്തെ എക്സൈസ് അസിസ്റ്റന്റ് കമീഷണർ ഇതുസംബന്ധിച്ച കാര്യങ്ങളിൽ സംശയം പ്രകടിപ്പിച്ചുള്ള റിപ്പോർട്ട് എക്സൈസ് കമീഷണർക്ക് നൽകിയിരുന്നു.
അസി. എക്സൈസ് കമീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. ഷീലക്കെതിരെ കേസെടുത്തതിൽ എക്സൈസിന് സാങ്കേതിക പിഴവ് സംഭവിച്ചതായി എക്സൈസ് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. ഷീല സണ്ണിയുടെ ബാഗില്‍ വ്യാജ ലഹരിമരുന്ന് വെച്ചതെന്ന് സംശയിക്കുന്ന ബന്ധു ബംഗളൂരുവിൽ ഒളിവിലെന്നാണ് എക്സൈസ് അറിയിച്ചു. ഇയാൾക്കായി നോട്ടീസ് നൽകിയിട്ടുണ്ട്. ഇയാൾ വിവരം നൽകിയ നമ്പർ വിശദ അന്വേഷണത്തിന് പൊലീസ് സൈബർ വിഭാഗത്തിന് കൈമാറി.
ഷീല സണ്ണിക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്ത് 72 ദിവസം ജയിലലടക്കുകയും ചെയ്തെന്ന് മാത്രമല്ല, നീതി നിഷേധിക്കുന്ന സാഹചര്യവുമുണ്ടായി. മേയ് 12ന് എല്‍.എസ്.ഡി പരിശോധനഫലം വന്നിട്ടും ഷീലയില്‍നിന്ന് മറച്ചുവെച്ചു. ഷീലയുടെ അഭിഭാഷകന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോടതി വഴി പകര്‍പ്പ് ലഭിച്ചത്.
അന്വേഷണ സംഘത്തിന് മുന്നില്‍ സംശയമുള്ള ബന്ധുവിന്റെ പേര് വെളിപ്പെടുത്തിയിട്ടും ചോദ്യം ചെയ്യലുണ്ടായില്ലെന്നും ഷീല പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.