പുഴയൊഴുകും വഴിയിൽ സാഹസ യാത്രക്കൊരുങ്ങി അച്ഛനും മകനും
text_fieldsമാള (തൃശൂർ): പുഴയൊഴുകും വഴി സാഹസ യാത്രക്കൊരുങ്ങി അച്ഛനും മകനും. മാള പൊയ്യ ആശാരിപറമ്പിൽ ഭരതൻ (55), മകൻ അഭിജിത് (25) എന്നിവരാണ് പുഴവഴി യാത്രക്കൊരുങ്ങുന്നത്. വ്യാഴാഴ്ച ഇവർ യാത്ര തിരിക്കും. പൊയ്യ കഴഞ്ചിത്തറയിലെ വീട്ടുമുറ്റത്തെ കടവിൽനിന്ന് കോട്ടപ്പുറം, പറവൂർ, ആലപ്പുഴ, കൊല്ലം എന്നീ പുഴകളിലൂടെ തെക്ക് ഭാഗത്തേക്കാണ് തിരിക്കുന്നത്. ഒരു മാസം നീളുന്ന യാത്രക്ക് ശേഷം തിരിച്ചെത്തും. തുടർന്ന് കനോലി കനാൽ വഴി തൃപ്രയാർ, ചേറ്റുവ, പൊന്നാനി പുഴകളിലൂടെയും യാത്ര തുടരുമെന്നും ഭരതൻ പറയുന്നു. യാത്രക്ക് വേണ്ടി സ്വന്തമായി വഞ്ചി നിർമാണം നടത്തിയിട്ടുണ്ട്.
ഹോണ്ടയുടെ ലമ്പാടൻ എന്ന എൻജിൻ ഫിറ്റ് ചെയ്തു കഴിഞ്ഞു. ഇന്ധനം ടിന്നിൽ സൂക്ഷിക്കും. 15 കി. മീറ്റർ പിന്നിടുമ്പോൾ ഇന്ധനം വീണ്ടും നിറക്കണം. ഇതിനു വഞ്ചിനിർത്തി എൻജിൻ തണുപ്പിക്കും. ഒഴുകി പോകാതെ വഞ്ചി നങ്കൂരമിടും. പൂർണമായും മരത്തിൽ നിർമിച്ചതാണ് തോണി. ഒന്നര ലക്ഷം രൂപയാണ് ഇതിന് ചെലവെന്ന് ഭരതൻ പറയുന്നു. മകെൻറ അടങ്ങാത്ത ആഗ്രഹമാണ് യാത്രയെന്ന് ഭരതൻ പറയുന്നത്.
ഇതിനു വേണ്ടി കിടപ്പാടം പണയപ്പെടുത്തിയാണ് പണം കണ്ടെത്തിയത്. നവീന രീതിയിലാണ് നിർമാണം. വസ്ത്രങ്ങളും, ഒരാഴ്ച കാലത്തെ ഭക്ഷ്യ വസ്തുക്കളും സൂക്ഷിക്കാൻ തോണിയിൽ പ്രത്യേക അറയുണ്ട്. മത്സ്യ ബന്ധനം നടത്താൻ ഉപകരണങ്ങളുമുണ്ട്. പിടിക്കുന്ന മത്സ്യം കേടുകൂടാതെ സൂക്ഷിക്കാൻ ഐസ് ബോക്സും വഞ്ചിയിലുണ്ട്. ഭക്ഷണത്തിന് പണം കണ്ടെത്താൻ കാണുന്ന കരയിൽ മത്സ്യം വിൽപനയാക്കും. ഭക്ഷണം പാകം ചെയ്യാൻ സ്റ്റൗ, ഗ്യാസ് എന്നിവ കരുതും.
മഴയെ തടുക്കാനും, രാത്രിയിൽ ഉറങ്ങുന്നതിനും വഞ്ചി ടെൻറായി മാറ്റും. പുഴയുടെ ഗതിയറിഞ്ഞാവും യാത്ര. കായലുകളിലൂടെ സഞ്ചരിച്ച് കിഴക്കൻ പ്രദേശങ്ങളിലും എത്തും. അതേസമയം കടൽ വഴി യാത്ര ഉപേക്ഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.