‘റോഡുകളിലെ കുഴിയടക്കൽ വേഗത്തിലാക്കണം’
text_fieldsതൃശൂർ: കാലവര്‍ഷത്തോടനുബന്ധിച്ച് ജില്ലയിലെ റോഡുകളില്‍ രൂപപ്പെടുന്ന കുഴികൾ അടക്കുന്ന പ്രവൃത്തി വേഗത്തിലാക്കണമെന്ന് കലക്ടര്‍ അര്ജുന് പാണ്ഡ്യന്. ജില്ലയിലെ റോഡ് നിര്‍മാണ പുരോഗതി സംബന്ധിച്ച അവലോകന യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.
ശക്തമായ മഴയില്‍ മരങ്ങള്‍ വീണുണ്ടാകുന്ന തകരാറുകളും സമയബന്ധിതമായി പരിഹരിക്കണം. അനുമതി ആവശ്യമെങ്കില്‍ മുന്‍കൂട്ടി അറിയിച്ച് നടപടി സ്വീകരിക്കണം. കൂടാതെ, റോഡ് സുരക്ഷ ഉറപ്പാക്കാനും നിര്‍ദേശം നല്കി. സൈന്‍ ബോര്‍ഡുകള്‍, അപകട സൂചികകള്‍ എന്നിവ സ്ഥാപിക്കുക, പ്രധാനപ്പെട്ട ജങ്ഷനുകളിലും മറ്റും സീബ്ര ലൈന്‍ വ്യക്തമായി കാണുന്നുണ്ടെന്ന് ഉറപ്പാക്കുക, സ്കൂള്‍ മേഖലകളില്‍ സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പാടാക്കാനും അദ്ദേഹം നിര്‍ദേശിച്ചു.
കെ.എസ്.ടി.പിയുടെ കൊടുങ്ങല്ലൂര്‍-ഷൊര്‍ണൂര്‍ റോഡ് നിര്‍മാണം നിലവില്‍ ഡൈവേര്ഷന് പ്ലാനില്‍ ഊരകം-പൂച്ചുന്നിപ്പാടം ഭാഗത്ത് 1.2 കി.മീ പ്രവൃത്തി പുരോഗമിക്കുകയാണ്. ചന്തക്കുന്ന്- ക്രൈസ്റ്റ് കോളജ് ഡൈവേര്ഷന് കൂടി അനുമതി ലഭിച്ചാല്‍ ഒരേസമയം പ്രവൃത്തി നടത്താനാകും. തൃശൂര്‍-കുറ്റിപ്പുറം റോഡ് പ്രവൃത്തിയുടെ പുതിയ ടെന്‍ഡര്‍ നടപടി ഉടന്‍ പൂര്‍ത്തിയാക്കും. നിലവിലുള്ള റോഡിലെ അറ്റകുറ്റപ്പണി ദ്രുതഗതിയിൽ നടക്കുന്നതായി റോഡ് അധികൃതർ യോഗത്തിൽ പറഞ്ഞു.
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് റോഡിനായി ഭൂമിയേറ്റെടുപ്പ് പൂര്‍ത്തിയായി. പൊതുമരാമത്ത് വകുപ്പിന് ഭൂമി കൈമാറുന്ന പ്രവൃത്തി വേഗത്തിലാക്കും. വാട്ടര്‍ അതോറിറ്റി, ജലനിധി പ്രവൃത്തികള്‍ നടക്കുന്നതിനാലും റോഡുകള്‍ പലതും പുനസ്ഥാപിക്കാത്തതും കനത്ത മഴയില്‍ തകര്‍ന്ന റോഡുകളുടെ സ്ഥിതിയും ചര്‍ച്ച ചെയ്തു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാവാത്ത തരത്തില്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് പ്രവൃത്തികള്‍ നടത്തണമെന്ന് ദേശീയപാത അധികൃതര്‍ക്ക് കലക്ടർ നിര്‍ദേശം നല്കി. എ.ഡി.എം ടി. മുരളിയും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.