ചലച്ചിത്ര സ്ഥാപനങ്ങളെ എൻ.എഫ്.ഡി.സിയിൽ ലയിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സിനിമ പ്രവർത്തകർ
text_fieldsതൃശൂർ: ചലച്ചിത്രരംഗത്ത് ഗുണപരമായ ഇടപെടലുകൾ നടത്തുന്ന സ്വതന്ത്ര സ്ഥാപനങ്ങളായ നാഷനൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യ ഫിലിംസ് ഡിവിഷൻ, ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ, ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽ എന്നിവയെ ഇല്ലാതാക്കി നാഷനൽ ഫിലിം ഡെവലപ്മെന്‍റ് കോർപറേഷനിൽ (എൻ.എഫ്.ഡി.സി) ലയിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രമുഖ സിനിമപ്രവർത്തകർ രംഗത്ത്.
തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവ ഡയറക്ടർ പ്രേമേന്ദ്ര മജുംദാർ, പ്രമുഖ സംവിധായകൻ ഗിരീഷ് കാസറവള്ളി, ജൂറി ചെയർമാൻ ജി.പി. രാമചന്ദ്രൻ, സംവിധായക താര രാമാനുജൻ, സൗണ്ട് ഡിസൈനർ ടി. കൃഷ്ണനുണ്ണി, ഫെസ്റ്റിവൽ എക്സിക്യൂട്ടിവ് ഡയറക്ടർ ചെറിയാൻ ജോസഫ് എന്നിവരാണ് വാർത്തസമ്മേളനത്തിൽ കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രംഗത്തുവന്നത്. സർക്കാറിന്‍റെ പണം മുടിക്കുന്ന ഉൽപാദനക്ഷമമല്ലാത്ത പ്രവർത്തനങ്ങളാണ് ഈ സ്ഥാപനങ്ങളിൽ നടക്കുന്നതെന്ന അധികൃതരുടെ വാദം ബാലിശമാണെന്ന് ഗിരീഷ് കാസറവള്ളി വ്യക്തമാക്കി.
ഈ സ്ഥാപനങ്ങൾ വരുമാനം ഉണ്ടാക്കുന്നവയല്ലെന്നും രാജ്യത്തിന്‍റെ പൈതൃകവും സാംസ്കാരിക വൈവിധ്യവുമൊക്കെ സിനിമയിലൂടെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഇവയുടെ ലക്ഷ്യവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സംസ്കാരത്തെയും കലാപാരമ്പര്യങ്ങളെയും ചരിത്രത്തെയും കലയെയും കലാകാരന്മാരെയും സംരക്ഷിക്കുന്നതിൽ വലിയ സംഭാവനകൾ നൽകിയ സ്ഥാപനങ്ങൾ ഇല്ലാതാകണമെന്ന കേന്ദ്ര സർക്കാർ നയത്തിന്‍റെ ഭാഗമാണിതെന്ന് പ്രേമേന്ദ്ര മജുംദാർ വ്യക്തമാക്കി.
വിനാശകരമായ ഈ നടപടിയില്‍നിന്ന് കേന്ദ്രം പിന്തിരിയണമെന്നും നാഷനല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ, ഫിലിംസ് ഡിവിഷന്‍, ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ, ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ് എന്നീ സ്ഥാപനങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കമെന്നും 17ാമത് തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.