സതീഷ് ജീവിതത്തിലേക്ക് തിരിച്ചുവരും, സുമനസ്സുകൾ കനിഞ്ഞാൽ
text_fieldsതൃശൂർ: ജീവിതത്തിലേക്ക് തിരിച്ചുവരാൻ യുവാവ് സഹായം തേടുന്നു. കോർപറേഷൻ അഞ്ചാം ഡിവിഷൻ വിയ്യൂർ പാലത്തിന് സമീപം താമസിക്കുന്ന വടക്കുഞ്ചേരി വീട്ടിൽ കുട്ടന്റെയും മേനകയുടെയും മകനായ വി.കെ. സതീഷ് കുമാറാണ് (40) കരൾമാറ്റ ശസ്ത്രക്രിയക്ക് ചികിത്സ സഹായം തേടുന്നത്. മാറ്റാവുന്ന ഘട്ടം കഴിഞ്ഞെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇതിനകം എട്ട് ലക്ഷത്തിലധികം രൂപ ചികിത്സക്കായി ചെലവഴിച്ചുകഴിഞ്ഞു.
തുടർന്ന് കരൾമാറ്റ ശസ്ത്രക്രിയക്കു വേണ്ടിയുള്ള പരിശോധനകൾക്കായി എറണാകുളത്തെ ആശുപത്രിയിൽ പോയെങ്കിലും ഒരു ലക്ഷം രൂപ ആവശ്യമായി വന്നതോടെ സാമ്പത്തിക പ്രയാസത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പരിശോധന പൂർത്തിയാക്കുന്നത്.
ശസ്ത്രക്രിയ അടിയന്തരമായി നടത്തേണ്ടതിനാൽ സ്വകാര്യ ആശുപത്രിയെത്തന്നെ വീണ്ടും ആശ്രയിക്കേണ്ട സ്ഥിതിയാണ്. കരൾമാറ്റ ശസ്ത്രക്രിയക്കും തുടർന്നുള്ള ആരോഗ്യപരിപാലനത്തിനുമായി 50 ലക്ഷം രൂപ വരുമെന്നാണ് കണക്കാക്കുന്നത്. സതീഷ് കുമാർ എ.സി റിപ്പയറിങ് കട നടത്തുകയായിരുന്നു. രോഗത്തെ തുടർന്ന് കട ആറു മാസമായി തുറക്കുന്നില്ല. വിവാഹം കഴിഞ്ഞ് 13 വർഷത്തെ ചികിത്സക്കു ശേഷം മൂന്നുമാസം മുമ്പാണ് സതീഷ് കുമാറിന് ഇരട്ട പെൺകുട്ടികൾ ജനിച്ചത്.
പ്രസവത്തിനും പ്രസവാനന്തര ചികിത്സകൾക്കുമായി വൻതുക ചെലവായി. വിപുലമായ ധനസമാഹരണത്തിലൂടെ മാത്രമേ ഇദ്ദേഹത്തിന്റെ കരൾമാറ്റ ശസ്ത്രക്രിയ സാധ്യമാകുകയുള്ളൂവെന്ന് ബോധ്യപ്പെട്ടതിനാൽ വിയ്യൂർ പൗരാവലി ഡിവിഷൻ കൗൺസിലർ എൻ.എ. ഗോപകുമാർ ചെയർമാനായും പി.ബി. സുഭാഷ് കൺവീനറും പി. ഉദയകുമാർ ട്രഷററുമായി വി.കെ. സതീഷ് കുമാർ കരൾമാറ്റ ശസ്ത്രക്രിയ സഹായനിധി കമ്മിറ്റി രൂപവത്കരിച്ചു.
യൂനിയൻ ബാങ്കിന്റെ തൃശൂർ പാട്ടുരായ്ക്കൽ ശാഖയിൽ 752802010002629 നമ്പറിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ്.സി: UBIN0575283. ഗൂഗ്ൾ പേ: 8113925953.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.