ഖത്തറിലെ സാമ്പത്തിക ഇടപാട്: പുന്നയൂർക്കുളത്ത് വീടിന് നേരെ ആക്രമണം
text_fieldsപുന്നയൂർക്കുളം: ഖത്തറിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസ് പിൻവലിക്കാത്തതിന് പുന്നൂക്കാവ് കോറോത്തയില്‍ പള്ളി റോഡിൽ വീടിന് നേരെ ആക്രമണം. 10 ജനല്‍ ചില്ലും മുറ്റത്ത് നിര്‍ത്തിയിട്ട സ്കൂട്ടറും ബൈക്കും അടിച്ചുതകര്‍ത്തു. കാഞ്ഞിരപ്പുള്ളി പരപ്പൂരയില് മുനീറിെൻറ വീടാണ് ആക്രമിച്ചത്. ബുധനാഴ്ച പുലര്‍ച്ച നാലോടെയാണ് സംഭവം.
ആക്രമണത്തിെൻറ സി.സി.ടി.വി ദൃശ്യത്തില്‍ വാടാനപ്പള്ളി സ്വദേശി ബിന്ഷാദിെൻറ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായി. കഴിഞ്ഞ ദിവസം പെരിയമ്പലത്ത് യുവാവിെൻറ വീട് ആക്രമിച്ചതിലും ബിന്‍ഷാദ് ഉള്‍പ്പെട്ടിട്ടുണ്ട്. ഖത്തറില്‍ പ്രവാസിയായ മുനീറും കണ്ണൂര്‍ സ്വദേശിയുമായുള്ള സാമ്പത്തിക ഇടപാടാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
പണം നല്‍കാനുള്ള കണ്ണൂര്‍ സ്വദേശിക്കെതിരെ മുനീര്‍ ഖത്തറില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഇയാളും മറ്റ് ചിലരും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി മുനീര്‍ പറഞ്ഞു. ആക്രമണത്തിന് ഒത്താശ ചെയ്തതെന്ന് സംശയിക്കുന്ന ആല്‍ത്തറയിലെ ഏതാനും പേര് പൊലീസ് നിരീക്ഷണത്തിലാണ്. സംഭവസമയത്ത് മുനീറിെൻറ പിതാവ് അബു ഹാജിയും സഹോദരന് ബാസിത്തും കുടുംബവും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് ഇവര്‍ ഒച്ചെവച്ചതോടെ അക്രമികള്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ വടക്കേക്കാട് പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.