വനംവകുപ്പിലെ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയിട്ട് ഒരാഴ്ച; പ്രതിയെ അറസ്റ്റ് ചെയ്തില്ല
text_fieldsതൃശൂർ: ഡി.എഫ്.ഒയുടെ അക്കൗണ്ട് പാസ്വേഡ് ഉപയോഗിച്ച് വനംവകുപ്പിൽ നടത്തിയ ക്രമക്കേടിൽ ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്തില്ല. തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് സീനിയർ ക്ലർക്കിനെ സസ്പെൻഡ് ചെയ്യുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
മലയാറ്റൂർ വനം ഡിവിഷനിലെ ഡി.എഫ്.ഒയുടെ അക്കൗണ്ട് പാസ്വേഡ് ഉപയോഗിച്ച് സീനിയർ ക്ലർക്കാണ് തട്ടിപ്പ് നടത്തിയത്. ഇയാളെ ഇക്കഴിഞ്ഞ 13നാണ് സസ്പെൻഡ് ചെയ്ത് തൃശൂർ സി.സി.എഫ് ഉത്തരവിറക്കിയത്. അന്ന് തന്നെ മലയാറ്റൂർ ഡി.എഫ്.ഒ കോടനാട് പൊലീസിലും പരാതി നൽകി. കേസെടുത്തെങ്കിലും പ്രാഥമികാന്വേഷണത്തിലാണിപ്പോഴും. ഇതിനിടെ സി.സി.എഫ് നിയോഗിച്ച സമിതി വകുപ്പ്തല അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ലക്ഷങ്ങളുടെ ക്രമക്കേടാണ് നടത്തിയതെങ്കിലും അറസ്റ്റിലേക്ക് കടക്കാത്തതിന് പിന്നിൽ ഉന്നതതല ഇടപെടലാണെന്ന് പറയുന്നു. തിരുവനന്തപുരത്ത് സി.പി.ഐയുടെ സർവിസ് സംഘടന നേതാക്കൾ മുഖേന കേസൊതുക്കാൻ ശ്രമിക്കുന്നതായാണ് പറയുന്നത്. ഡി.എഫ്.ഒ മാത്രം നേരിട്ട് കൈകാര്യം ചെയ്യേണ്ട അക്കൗണ്ട് വിവരങ്ങൾ മേലുദ്യോഗസ്ഥെൻറ വിശ്വാസ്യത നേടി തട്ടിപ്പ് നടത്തുകയായിരുന്നു. ഡി.എഫ്.ഒയുടെ അക്കൗണ്ടിൽ നിന്ന് രഹസ്യ പാസ്വേർഡ് ഉപയോഗിച്ച് പലപ്പോഴായി പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.
കരാറുകാർക്ക് നൽകാനുള്ള തുകകളാണ് തട്ടിയെടുത്തത്. പ്രതിമാസം ട്രഷറിയിൽ നിന്ന് ബാലൻസ് ഷീറ്റ് എത്തുേമ്പാൾ പരിശോധിച്ച് ഡി.എഫ്.ഒ ഒപ്പിട്ടാണ് വിടേണ്ടത്.എന്നാൽ, പരിശോധനകളെല്ലാം ക്ലർക്ക് തന്നെയായിരുന്നു നടത്തിയിരുന്നത്.
ഡി.എഫ്.ഒയുടെ വിശ്വാസ്യത നേടിയെടുത്തതിനാൽ പാസ്വേഡ് എളുപ്പത്തിൽ ലഭ്യമാവുകയായിരുന്നു. 2017 മുതൽ സമാനമായി അക്കൗണ്ട് തിരിമറി നടക്കുന്നുണ്ടെന്നാണ് വനംവകുപ്പ് നിയോഗിച്ച സമിതിയുടെ പ്രാഥമിക കണ്ടെത്തൽ. പ്രാഥമിക പരിശോധനയിൽ തന്നെ പത്ത് ലക്ഷത്തോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി പറയുന്നു.
എന്നാൽ, വിശദ പരിശോധനക്ക് ശേഷമേ കണക്കുകളിൽ വ്യക്തത വരൂവെന്നാണ് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്. ഇയാൾ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക്കും മറ്റ് രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ടെങ്കിലും വനംവകുപ്പ് സമിതിയുടെ അന്വേഷണം നടക്കുന്നതിനാൽ വകുപ്പിെൻറ അക്കൗണ്ട് രജിസ്റ്ററടക്കമുള്ളവ പരിശോധിക്കാനായിട്ടില്ലത്രെ. വിശദാംശങ്ങൾ ശേഖരിക്കുകയാണെന്നും അക്കൗണ്ട്സ് പരിശോധന പൂർത്തിയായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
2017 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ നേരത്തെ ഈ ഡിവിഷനിൽ ഉണ്ടായിരുന്നവരടക്കം കുടുങ്ങുമെന്നതും കേസൊതുക്കാനുള്ള ശ്രമത്തിന് പിന്നിലുണ്ടത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.