തൃശൂർ നഗരത്തിലെ സൈക്കിൾ ഷോപ്പിൽ വൻ അഗ്നിബാധ; ആളപായമില്ല
text_fieldsതൃശൂർ: വെളിയന്നൂർ-ശക്തൻ റിങ് റോഡിലെ സൈക്കിൾ ഷോപ്പിൽ വൻ അഗ്നിബാധ. ബുധനാഴ്ച വൈകീട്ട് 5.20ഓടെ ചാക്കപ്പായി ട്രാക്ക് ആൻഡ് ട്രെയിൽ എന്ന കടയിലാണ് തീപിടിത്തമുണ്ടായത്.
കുന്നംകുളം സ്വദേശി ചാക്കപ്പന്റെ കടയാണ്. സൈക്കിളിന്റെ ടയറുകളും മറ്റും സ്റ്റോക്ക് ചെയ്തിരുന്ന രണ്ടാം നിലയിലും മുകളിലെ ട്രസ് നിർമാണ ഭാഗത്തും ആദ്യം ചെറിയ തോതിൽ തീ പടർന്നത് റോഡിന് മറുവശത്തെ കടക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. റെക്‌സിനും ടയറുകള്‍ക്കും തീപിടിച്ചത് കാരണം പെട്ടെന്ന് തന്നെ മറ്റു നിലകളിലേക്കു പടരുകയായിരുന്നു.
കറുത്ത പുക പരിസരമാകെ വ്യാപിച്ചു. സമീപത്തെ കടക്കാർ ഓടിയെത്തി സൈക്കിൾ കടയിലെ ജീവനക്കാരെ അറിയിച്ചപ്പോഴാണ് അവർ തീപിടിത്തമറിയുന്നത്. ഉടൻ പുറത്തേക്കോടിയതിനാൽ ആളപായമുണ്ടായില്ല. അപ്പോഴേക്കും തീപടർന്ന മുകൾഭാഗത്തുണ്ടായിരുന്ന ചില്ലുൾപ്പെടെ അടർന്നുവീണു തുടങ്ങിയിരുന്നു. അഗ്നിശമന സേന പുതുക്കാട്, വടക്കാഞ്ചേരി, ചാലക്കുടി, തൃശൂർ എന്നിവിടങ്ങളിൽനിന്ന് ഉൾപ്പെടെ ഏഴ് യൂനിറ്റെത്തിയാണ് തീയണക്കാൻ ശ്രമം തുടങ്ങിയത്.
ഒന്നര മണിക്കൂർ പരിശ്രമഫലമായാണ് തീയണച്ചത്. സൈക്കിളുകൾ സൂക്ഷിച്ചിരുന്ന താഴെ നിലയിലേക്ക് അഗ്നി ബാധിച്ചില്ല. കനത്ത പുക മൂലം കുഴഞ്ഞുവീണ സമീപത്തെ വീട്ടിലുണ്ടായിരുന്ന വയോധികൻ നാലകത്ത് അബ്ദുവിനെ ആംബുലൻസിൽ ബന്ധുവീട്ടിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.