അഗ്നിസുരക്ഷ സംവിധാനം ഒരുക്കാതെ കുന്നംകുളം നഗരത്തിലെ കെട്ടിടങ്ങൾ
text_fieldsകുന്നംകുളം: കെട്ടിടങ്ങളിൽ അഗ്നിസുരക്ഷ സംവിധാനം ഒരുക്കുന്നില്ലെന്ന ആക്ഷേപമുയരുന്നു. കെട്ടിട ഉടമകൾ ഇക്കാര്യങ്ങളിൽ അലംഭാവം കാട്ടുന്നതായാണ് ആരോപണം. കെട്ടിട ലൈസൻസ് അനുവദിക്കാൻ അഗ്നിസുരക്ഷ സംവിധാനം ഒരുക്കിയെന്ന് ഉറപ്പാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
പലയിടത്തും സംവിധാനം ഒരുക്കുന്നുണ്ടെങ്കിലും അതിെൻറ പ്രവർത്തനം അറിയാത്തതും കച്ചവടക്കാരെയും കെട്ടിട സെക്യൂരിറ്റി ജീവനക്കാരെയും വലക്കുന്നു. രണ്ടരവർഷം മുമ്പ് കുന്നംകുളം അഗ്നിരക്ഷ സേന അംഗങ്ങൾ നടത്തിയ പരിശോധനയിൽ നഗരത്തിലെ മുപ്പതിലധികം വലിയ കെട്ടിടങ്ങൾക്ക് സുരക്ഷ സംവിധാനം ഇല്ലെന്ന് കണ്ടെത്തിയിരുന്നു. അത് സംബന്ധിച്ച റിപ്പോർട്ട് ജില്ല ഫയർഫോഴ്സ് വിഭാഗത്തിനും കലക്ടർക്കും നഗരസഭക്കും നൽകിയിരുന്നു. എന്നാൽ, തുടർനടപടികൾ നടക്കാതിരുന്നത് സംവിധാനം ഒരുക്കുന്നതിൽ ഉടമകളിൽ അലംഭാവത്തിന് കാരണമായി.
അപകടങ്ങൾ സംഭവിക്കുമ്പോഴാണ് പലയിടത്തും ഇതുസംബന്ധിച്ച് പരിശോധന നടക്കുന്നത്. അഞ്ച് ദിവസത്തിനകം നഗരത്തിൽ രണ്ടിടത്തായി ഉണ്ടായ അഗ്നിബാധ ചില വ്യക്തികളുടെ അവസരോചിതമായ ഇടപെടലിലാണ് ഒഴിവാക്കപ്പെട്ടത്.
നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിെൻറ പേര് സ്ഥാപിച്ച അക്ഷരത്തിൽനിന്ന് തീ ഉയർന്നത് ഭീതി ഉണ്ടാക്കിയിരുന്നു. ബോർഡ് കത്തി താഴേക്ക് എത്തും മുമ്പേ നടപടി സ്വീകരിക്കാൻ കഴിഞ്ഞത് വൻ ദുരന്തമാണ് ഒഴിവാക്കിയത്. വലിയ തിരക്കുള്ള റോഡിൽ അതുവഴി പട്രോളിങ്ങിനിറങ്ങിയ പൊലീസുകാരുടെ സമയോചിത ഇടപെടലാണ് അപകടം ഇല്ലാതാക്കിയത്. വേണ്ടത്ര സുരക്ഷ സംവിധാനം കെട്ടിടത്തിൽ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രി നഗരത്തിലെ വസ്ത്രനിർമാണ ശാലയിൽ അഗ്നിബാധ ഉണ്ടായതും കൂടുതൽ ഭീകരാന്തരീക്ഷത്തിന് കാരണമായിരുന്നു. ഫയർഫോഴ്സ് ജീവനക്കാർ എത്തി നിയന്ത്രണവിധേയമാക്കി. എന്നിട്ടും നിർമാണശാല ഓഫിസും മറ്റും അഗ്നിക്കിരയായി.
പല വലിയ കെട്ടിടങ്ങളിലും സെക്യൂരിറ്റി ജീവനക്കാർക്ക് പരിശീലനം ഇല്ലാത്തത് വലിയ ദുരന്തങ്ങൾക്ക് പോലും വഴിവെക്കുന്നു. ഈ സാഹചര്യത്തിൽ അത്തരം ജീവനക്കാർക്കും കച്ചവടക്കാർക്കും പരിശീലനം നൽകാൻ സന്നദ്ധരാണെന്ന് കുന്നംകുളം ഫയർഫോഴ്സ് സ്റ്റേഷൻ ഓഫിസർ ബി. വൈശാഖ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.