തൃശൂരിന്റെ തീപ്പൊരി വനിതകൾ അടുത്ത മാസം കര്‍മപഥത്തിലേക്ക്
text_fieldsതൃശൂര്‍: ചരിത്രത്തിലാദ്യമായി അഗ്നിരക്ഷാസേനയിലേക്ക് കടന്നുവന്ന ആദ്യ വനിത ബാച്ചിലെ നാലുപേർ പരിശീലനത്തിന്റെ അന്തിമഘട്ടത്തില്‍. പൂരനഗരിയിലെ അഗ്നിരക്ഷാസേന സ്റ്റേഷനിലെ നാലുപേർ സെപ്റ്റംബര്‍ നാലോടെ പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമാകും. ഫയർ ആൻഡ് റസ്ക്യൂ ഓഫിസർമാരായ വെള്ളിക്കുളങ്ങര സ്വദേശിനി ആര്യ സനീഷ്, ഇരിങ്ങാലക്കുട സ്വദേശിനി ആല്മ മാധവന്, കൊടകര സ്വദേശിനി ആന്മരിയ ജൂലിയന്‍, വെങ്ങിണിശ്ശേരി സ്വദേശിനി അഖില മനേഷ് എന്നിവരാണ് തൃശൂരിന്റെ ഫയര്വുമണ്മാരാകാന് പോകുന്നത്. മറ്റു സേനകളില്‍നിന്ന് വ്യത്യസ്തമായി ജീവൻ രക്ഷാസേനയായതാണ് ഇതിൽ ചേരാന്‍ പ്രേരിപ്പിച്ചതെന്ന് നാലുപേരും പറയുന്നു.
തൃശൂരിലെ രാമവര്‍മപുരം ഫയര്‍ സര്‍വിസ് അക്കാദമിയില്‍ ആറുമാസത്തെ പ്രാഥമിക പരിശീലനം പൂര്‍ത്തിയാക്കിയ ഇവര്‍ സ്റ്റേഷന് പരിശീലനത്തിലാണ്. രാവിലെ ഏഴിന് ഫിസിക്കൽ ട്രെയിനിങ്ങോടെയാണ് സ്റ്റേഷന് പരിശീലനത്തിന്റെ തുടക്കം. തുടര്‍ന്ന് പരേഡ്. ഇതിനുശേഷം ഒമ്പതിന് ഡ്യൂട്ടിയില്‍ പ്രവേശിക്കും. ഉച്ചവരെ ക്ലാസുകളോ പാറാവുപോലുള്ള ഡ്യൂട്ടിയോ ഉണ്ടാകും. ഉച്ചക്കുശേഷം മൂന്നു മുതല്‍ ഏതാനും മണിക്കൂര്‍ രക്ഷാപ്രവര്‍ത്തന ഉപകരണ പരിശീലനം. ഇതിനിടയില്‍ രക്ഷാപ്രവര്‍ത്തന ദൗത്യം വന്നാല്‍ പങ്കെടുക്കണം. തുടര്‍ന്ന് വിശ്രമം. ഫയര്‍ സ്റ്റേഷനില്‍ തന്നെയാണ് താമസം. പ്രത്യേക ബ്ലോക്കില്‍ സൗകര്യങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തീപിടിത്തംപോലുള്ള അപകടങ്ങള്‍ കേട്ടുപരിചയം മാത്രമുള്ളതാണെന്നും ഇപ്പോള്‍ അതുസംബന്ധിച്ച രക്ഷാദൗത്യങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നത് ഏറെ ആവേശകരമാണെന്നും അഖില പറയുന്നു. കിണറ്റില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ സാധിച്ചുവെന്നതാണ് ആന്‍ മരിയയെ സംബന്ധിച്ച് പരിശീലന കാലയളവിലെ അഭിമാനകരമായ നേട്ടം.
രക്ഷാദൗത്യങ്ങളിൽ ഏര്‍പ്പെടുന്ന സേനയായതിനാല്‍ ഏറെ ആദരവോടെയാണ് സമൂഹം തങ്ങളെ നോക്കിക്കാണുന്നതെന്ന് ആല്മ പറയുന്നു. കനത്ത മഴയില്‍ പീച്ചി അണക്കെട്ട് തുറന്നുവിട്ടതിനെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറിയവേളയില് രക്ഷാപ്രവര്‍ത്തനത്തിന് വനിത സേനാംഗങ്ങള്‍ നിയോഗിക്കപ്പെട്ടിരുന്നു. തീ അണക്കല്‍, കിണറ്റില്‍ വീണ ആളുകളെ രക്ഷപ്പെടുത്തല്‍, കടപുഴകിയ മരങ്ങള്‍ മുറിച്ചുനീക്കല്‍ തുടങ്ങിയ രക്ഷാപ്രവര്‍ത്തനങ്ങളിലും ഇവര്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.