വെടിക്കെട്ട് നിരോധന വിധി; ഉള്ള് പൊള്ളി കുടുംബങ്ങൾ
text_fieldsതൃശൂർ: വെടിക്കെട്ട് നിരോധന വിധിയിൽ ആശങ്കയിലായി കരിമരുന്ന്-പടക്ക നിർമാണ-വിപണന മേഖലയെ ആശ്രയിച്ച് കഴിയുന്നവർ. വെടിക്കെട്ട് നിരോധനത്തിൽ ഉത്സവ സംഘാടകരും ആസ്വാദകരുമാണ് പരസ്യമായി രംഗത്ത് വന്നത്. എന്നാൽ ആളുകളെ ആസ്വദിപ്പിക്കുന്ന ഈ കലാപ്രകടനത്തിന് കരവിരുതൊരുക്കുന്നത് ലക്ഷക്കണക്കിന് പേരാണ്. കരിമരുന്ന്-പടക്ക നിർമാണ-വിപണനവുമായി ബന്ധപ്പെട്ട് കഴിയുന്നത് ലക്ഷക്കണക്കിന് കുടുംബങ്ങളാണ്.
തൃശൂർ പൂരത്തിനടക്കം കരിമരുന്ന് പ്രകടനമൊരുക്കുന്ന ലൈസൻസികൾക്ക് കീഴിൽ ആയിരക്കണക്കിന് തൊഴിലാളികളുണ്ട്. ഇവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളുണ്ട്. സമാനമാണ് പടക്ക നിർമാണ-വിപണന രംഗത്തും. ജില്ലയിൽ മാത്രം രണ്ടായിരത്തിലധികം പടക്ക ഉൽപന്ന-വിപണന കേന്ദ്രങ്ങളുണ്ട്. ഇതിൽ പതിനായിരക്കണക്കിന് തൊഴിലാളികളും അനുബന്ധ കുടുംബങ്ങളുമുണ്ട്.
തമിഴ്നാട്-ശിവകാശി കേന്ദ്രീകരിച്ചാണ് വെടിമരുന്ന് ഉൽപന്നങ്ങളുടെ നിർമാണം കൂടുതലായി നടക്കുന്നത്. കേരളത്തിലേക്ക് കൊണ്ടുവരുന്ന പടക്കമടക്കമുള്ള ചൈനീസ് ഇനങ്ങൾ വീടുകളിലെ ചെറിയ വ്യവസായം കണക്കെ പ്രവർത്തിക്കുന്നതാണ്. സ്ത്രീകളും പ്രായമായവരുമടക്കം നിശ്ചിത വരുമാനമുണ്ടാക്കി ഈ മേഖലയിലുണ്ട്.
നിരവധി കുടുംബങ്ങളുടെ ജീവിത മാർഗമാണ്. കതിനയടക്കം വെടിമരുന്നുകളൊന്നും പാടില്ലെന്നും ക്ഷേത്രങ്ങളിൽ സൂക്ഷിച്ചിട്ടുള്ള വെടിമരുന്നുകൾ പിടിച്ചെടുക്കാനുമാണ് കലക്ടർമാർക്കുള്ള ഹൈകോടതി നിർദേശം. തൃശൂർ വടക്കുന്നാഥൻ, പാറമേക്കാവ്, തൃപ്രയാർ ശ്രീരാമ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ ഇപ്പോഴും ആചാരപരമായി നടക്കുന്ന നിയമവെടിയുണ്ട്. വെടി വഴിപാടുകൾ നടത്തുന്ന ക്ഷേത്രങ്ങളുമുണ്ട്. കോടതി വിധി ഇവയെയടക്കം ബാധിക്കും.
ഉത്സവകാലമായതോടെ വായ്പയെടുത്തും കടം വാങ്ങിയും നിക്ഷേപം നടത്തി കരിമരുന്ന് കരാറുകാർ ഉൽപന്നങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. മാത്രമല്ല, ഉത്സവ സംഘാടകർ കരാറുകാർക്ക് തുക കൈമാറി വെടിക്കെട്ടുകൾ ഏൽപ്പിക്കുകയും പലയിടത്തും ഉത്സവങ്ങൾ തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഇത് തന്നെയാണ് പടക്ക വിപണന മേഖലയിലുള്ളവരുടെയും സ്ഥിതി.
വൻ തുകയിറക്കിയാണ് ശിവകാശിയിൽ നിന്നും ഉൽപന്നങ്ങൾ എത്തിച്ചിട്ടുള്ളത്. ഇവരെയൊക്കെ ആശങ്കയിലാക്കിയിരിക്കുകയാണ് വിധി. ഇതിനിടെ, ഹൈകോടതി ഉത്തരവിന് ശേഷവും വടക്കുന്നാഥനിലടക്കം നിയമവെടി നടന്നുവെന്നും ഉടൻ തെന്ന ഇടപെട്ട് വെടിമരുന്ന് പിടിച്ചെടുക്കാനും ആവശ്യപ്പെട്ട് ഹെറിട്ടേജ് അനിമൽ ടാസ്ക്ഫോഴ്സ് ജനറൽ സെക്രട്ടറി വി.കെ. വെങ്കിടാചലം പൊലീസ് മേധാവിക്ക് പരാതി നൽകി.
നിരോധന ഉത്തരവിന് ശേഷം നടപ്പാക്കിയതുമായി ബന്ധപ്പെട്ട് 24ന് റിപ്പോർട്ട് ഹാജരാക്കാനാണ് കലക്ടർമാരോട് ഹൈകോടതി നിർദേശിച്ചിരിക്കുന്നത്. 24ന് നിയമവെടിയടക്കമുള്ളവയും കോടതിയുടെ മുന്നിലെത്തിക്കുമെന്ന് വെങ്കിടാചലം പറഞ്ഞു.
അതേ സമയം, വെടിക്കെട്ട് നിരോധന വിധിക്കെതിരെ സർക്കാർ തന്നെ അപ്പീൽ നൽകുമെന്ന ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രസ്താവന ദേവസ്വങ്ങളും ഉത്സവ-പെരുന്നാൾ സംഘാടകരും സ്വാഗതം ചെയ്തു. ഒറ്റയടിക്ക് വെടിക്കെട്ട് നിരോധിക്കുക അപ്രായോഗികമാണെന്ന് റവന്യുമന്ത്രി കെ. രാജനും തൃശൂരിൽ പറഞ്ഞു. കേന്ദ്ര സഹമന്ത്രി വി. മുരളീധരനും ഹൈകോടതിയുടെ വെടിക്കെട്ട് നിരോധന വിധിക്കെതിരെ രംഗത്ത് വന്നു.
അതേ സമയം, വിധിക്കെതിരായ നിയമനടപടികളിലേക്ക് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ കടന്നു. നിലവിൽ സുപ്രീംകോടതിയുടെയും ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെയും പ്രത്യേക അനുമതി ഉത്തരവുകളിലാണ് തൃശൂർ പൂരം വെടിക്കെട്ട് നടക്കുന്നത്. അതുകൊണ്ട് തന്നെ നിലവിൽ ഈ വിധി പൂരം വെടിക്കെട്ടിനെ ബാധിക്കേണ്ടതില്ല.
തൃശൂർ പൂരം, ഉത്രാളിക്കാവ്, അന്തിമഹാകാളൻകാവ്, നെന്മാറ-വല്ലങ്ങി വേല തുടങ്ങി നിരവധി ഉൽസവങ്ങളാണ് വെടിക്കെട്ടിന് പ്രശസ്തമായിട്ടുള്ളത്. പൂരവും പെരുന്നാളുകളുമായതോടെ പടക്ക കടകളും സജീവമാണ്. എന്നാൽ കഴിഞ്ഞ ദിവസം വിധി വന്നതോടെ വിൽപന ആശങ്കയിലാണെന്ന് വ്യാപാരികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.