വ്യക്തതയോടെ വെടിക്കെട്ട് കാണാനാവുമോ?
text_fieldsതൃശൂർ: കൂടുതൽ പേർക്ക് സൗകര്യങ്ങളോടെ സുരക്ഷിതമായി വെടിക്കെട്ട് കാണാൻ സൗകര്യമുണ്ടാകുമോയെന്നത് സംബന്ധിച്ച് വെള്ളിയാഴ്ച തീരുമാനമുണ്ടായേക്കും. വൈകീട്ട് മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടക്കുന്ന യോഗത്തിൽ ഇതുസംബന്ധിച്ച് വ്യക്തത വരും.
സ്വരാജ് റൗണ്ടിലേക്ക് പ്രവേശിപ്പിക്കാനാവുമോ എന്ന് പരിശോധിക്കാനായി ബുധനാഴ്ച പെസോയും പൊലീസ് അഗ്നിരക്ഷ സേന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധിച്ചിരുന്നു. പെസോ, പൊലീസ്, അഗ്നിരക്ഷ സേന, റവന്യൂ വകുപ്പുകളുടെ നിർദേശങ്ങളുമടക്കം തഹസിൽദാർ കലക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
അതിൽ ചർച്ചക്കു ശേഷമാകും തീരുമാനമെടുക്കുക. വെടിക്കെട്ട് നടക്കുന്നിടത്തുനിന്ന് 100 മീറ്റർ കഴിഞ്ഞ് മാത്രമേ ആളുകളെ അനുവദിക്കാനാവൂ എന്നാണ് പെസോ നിയമം. അതേസമയം, ദൂരപരിധി 70 മീറ്ററാക്കി കറക്കണമെന്ന തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആവശ്യം ശക്തമാണ്.
നഗരത്തിൽ നൂറിലേറെ കെട്ടിടങ്ങൾ കാലപ്പഴക്കം ചെന്നവയാണെന്നാണ് അഗ്നിരക്ഷസേനയുടെ കണക്ക്. ഇതിൽ 68 എണ്ണത്തോളം ബലക്ഷയമുള്ളതാണ്.
പകരം ഉപയോഗിക്കാൻ കഴിയുന്ന കെട്ടിടങ്ങളിലേക്ക് വെടിക്കെട്ടിന്റെ നിശ്ചിത സമയ പരിധിയിൽ നിശ്ചിത അളവിൽ ആളുകളെ പ്രവേശിപ്പിക്കാനും 70 മീറ്ററിലേക്ക് കുറക്കുന്നതിലൂടെ പരമാവധി ആളുകൾക്ക് സ്വരാജ് റൗണ്ടിന്റെ ഏറെ ഭാഗത്തേക്കും പ്രവേശിക്കാനാവുന്നതിലൂടെ പരാതി പരിഹരിക്കാനാവുമെന്നതാണ് ബദൽ നിർദേശങ്ങളിലുള്ളത്. പെസോയുടെ നിലപാടാണ് ഇതിൽ അന്തിമം.
വെള്ളിയാഴ്ച ചേരുന്ന മന്ത്രിതല യോഗത്തിൽ ദേവസ്വങ്ങളുടെ ആവശ്യത്തിനൊപ്പമാകും സർക്കാറും നിൽക്കുക. മന്ത്രിമാർ, കലക്ടർ, പെസോ ഉദ്യോഗസ്ഥർ, പൊലീസ്, അഗ്നിരക്ഷ സേന, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും കൊച്ചിൻ ദേവസ്വം ബോർഡ്, ദേവസ്വം പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുക്കും. അതുകൊണ്ടു തന്നെ നിർണായകമാണ് വെള്ളിയാഴ്ച നടക്കുന്ന യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.