ചിറമനേങ്ങാട് കണലിപ്പാറപ്പുറത്ത് പടക്ക സംഭരണ ശാലക്ക് നീക്കം; പ്രതിഷേധവുമായി നാട്ടുകാർ
text_fieldsപന്നിത്തടം: ചിറമനേങ്ങാട് കണലിപ്പാറപ്പുറത്ത് വെടിമരുന്ന്-പടക്ക സംഭരണശാല ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. കടങ്ങോട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഉൾപ്പെടുന്ന പ്രദേശത്താണ് വെടിമരുന്ന് സംഭരണശാലക്കു വേണ്ടി കെട്ടിട നിർമാണാനുമതിയുടെ പേരിൽ പാറ ഖനനം നടക്കുന്നത്.
വാണിജ്യാവശ്യത്തിന് കെട്ടിടം നിർമിക്കാനെന്ന് കാണിച്ചാണ് പഞ്ചായത്തിൽ നിന്ന് നിർമാണ അനുമതി വാങ്ങിയിട്ടുള്ളത്. ഇതിന്റെ മറവിൽ ഒരേക്കർ വരുന്ന സ്ഥലത്ത് വൻതോതിൽ പാറഖനനം നടത്തിയിട്ടുണ്ട്.
ജനവാസ കേന്ദ്രത്തിന് സമീപം വെടിമരുന്ന് -പടക്കം സംഭരണശാല നിർമിക്കുന്നതിനെതിരെ പ്രതിഷേധത്തിന്റെ ആദ്യ ഘട്ടമായി നാട്ടുകാർ കടങ്ങോട് പഞ്ചായത്ത് സെക്രട്ടറിക്കും വില്ലേജ് ഓഫിസർക്കും കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.
വാർഡ് അംഗം ഗഫൂർ കടങ്ങോടിന്റെ നേതൃത്വത്തിലാണ് നാട്ടുകാർ യോഗം ചേർന്ന് നിർമാണ പ്രവർത്തനങ്ങൾ തടയണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നൽകിയത്.
ഇതിനെ തുടർന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച സ്ഥലം സന്ദർശിച്ച് പാറ പൊട്ടിക്കാനുള്ള ജിയോളജി വകുപ്പിന്റെ അനുമതി പത്രവും കെട്ടിടം പണിയാനുള്ള അനുമതി പത്രവും സമർപ്പിക്കാൻ ഉടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങൾ തിങ്ങിപ്പാർക്കുന്നതിന് നടുവിലാണ് വെടിമരുന്ന് സംഭരണശാലക്കായി കെട്ടിടം നിർമിക്കുന്നത്.
കുന്നംകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പടക്ക നിർമാണ ഗ്രൂപ്പ് സ്ഥലം വിലയ്ക്ക് വാങ്ങിയാണ് നിർമാണ പ്രവർത്തനം നടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.
ഈ സ്ഥലത്തിന് 50 മീറ്റർ ദൂരത്തിൽ എഴുപതോളം വീടുകളും നൂറ് മീറ്റർ ദൂരത്തിൽ ഇരുനൂറോളം വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്.തൊട്ടടുത്ത് തന്നെ ക്ഷേത്രങ്ങളും കാവുകളും പഞ്ചായത്ത് റോഡുമുണ്ട്. കെട്ടിടം നിർമിക്കുന്നത് വെടിമരുന്ന് സംഭരണശാലക്കു വേണ്ടിയാണെന്ന് അറിഞ്ഞതോടെ നാട്ടുകാർ ഭീതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.