റെയിൽവേ സ്റ്റേഷനിൽ ദുർഗന്ധം പരത്തി മത്സ്യം
text_fieldsതൃശൂർ: തൃശൂരിൽ ട്രെയിനിൽ ദുർഗന്ധം വമിക്കുന്ന നിലയിൽ മത്സ്യം. കൊൽക്കത്തയിൽനിന്ന് എത്തിച്ച 73 പെട്ടി മീനാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. റെയിൽവേ പൊലീസ് ഭക്ഷ്യസുരക്ഷ വിഭാഗത്തെ പരിശോധനക്ക് അനുവദിക്കാതിരുന്നത് ഉദ്യോഗസ്ഥർ തമ്മിൽ ഏറെനേരം തർക്കത്തിനിടയാക്കി. കൊൽക്കത്തയിൽ നിന്നുള്ള ഷാലിമാർ എക്സ്പ്രസിന്റെ ചരക്ക് ബോഗിയിലാണ് മീൻ കൊണ്ടുവന്നത്.
വിവരമറിഞ്ഞ് ഭക്ഷ്യസുരക്ഷ വകുപ്പ് പാഴ്സലുകൾ പരിശോധിക്കാനെത്തി. എന്നാൽ, റെയിൽവേ അധികൃതർ ഇത് തടയുകയായിരുന്നു. ഖാലിദ് എന്ന വ്യക്തിയുടെ പേരിലെത്തിയതാണ് പാഴ്സലുകൾ. റെയിൽവേ സ്റ്റേഷനിൽനിന്ന് പുറത്തിറക്കാതെ ഭക്ഷ്യ സുരക്ഷ വകുപ്പിന് പരിശോധിക്കാൻ കഴിയില്ല.
ഭക്ഷ്യസുരക്ഷ വകുപ്പ് തൃശൂർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫിസർ രേഖ മോഹന്റെ നേതൃത്വത്തിലുള്ള സംഘം സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധന ലബോറട്ടറിയുമായി റെയിൽവെ സ്റ്റേഷന് പുറത്തിട്ട് കാത്തിരുന്നു.
മീൻ പരിശോധിക്കാതെ പിന്മാറില്ലെന്ന നിലപാടിൽ ഭക്ഷ്യസുരക്ഷ വകുപ്പ് ഉറച്ചുനിന്നു. പാഴ്സൽ വന്നയാളുടെ വിവരങ്ങൾ പറയാൻ റെയിൽവേ ഇതുവരെ തയറായിട്ടില്ല. വിവരങ്ങൾ കിട്ടിയാൽ മാത്രമേ ഭക്ഷ്യ സുരക്ഷ വകുപ്പിന് തുടർ നടപടികളിലേക്ക് കടക്കാനാവൂ. അതിക്രമിച്ച് കയറി നടപടികളിലേക്കില്ലെന്നും പുറത്തെത്തിയാൽ പരിശോധിക്കുമെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.