തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം: മൂന്ന് ബോട്ടുകൾ പിടികൂടി
text_fieldsഅഴീക്കോട്: തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് അനധികൃത മത്സ്യ ബന്ധനം നടത്തിയ മൂന്ന് ബോട്ടുകൾ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് അധികൃതർ പിടിച്ചെടുത്തു. മുനമ്പം പള്ളിപ്പുറം സ്വദേശികളായ ചീനിപ്പറമ്പിൽ സണ്ണി പിൻഹീറോയുടെ ഉടമസ്ഥതയിലുള്ള ‘ടാനിയ’, ഓളാട്ടുപുരക്കൽ റൈജുവിന്റെ ‘വചനം’, കൊച്ചി വെണ്ണല സ്വദേശി തറമേൽ വീട്ടിൽ നിഷാദ് ജോർജിന്റെ ‘അൽജോഹർ’ എന്നീ ബോട്ടുകളാണ് പിടിയിലായത്. ടാനിയ, അൽജോഹർ ബോട്ടുകൾക്ക് 2.5 ലക്ഷം വീതവും വചനം ബോട്ടിന് രണ്ട് ലക്ഷവും പിഴയീടാക്കി.
മൂന്ന് ബോട്ടുകളിലായി ഉണ്ടായിരുന്ന മത്സ്യം 3.5 ലക്ഷത്തിന് ലേലം ചെയ്ത് സർക്കാരിലേക്ക് അടച്ചു. പരമ്പരാഗത മത്സ്യതൊഴിലാളികളുടെ പരാതിയിൽ അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസി.ഡയറക്ടർ എം.എഫ്. പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ആഴക്കടലിൽ നടത്തിയ പരിശോധനയിലാണ് ഹൈ വോൾട്ടേജ് ലൈറ്റുകൾ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിവന്ന ബോട്ടുകൾ പിടിയിലായത്.
മത്സ്യ സമ്പത്ത് കുറയാൻ ഇടയാക്കുന്നതിനാൽ തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് കൂട്ടത്തോടെ മത്സ്യങ്ങളെ ആകർഷിച്ച് മത്സ്യബന്ധനം നടത്തുന്ന രീതി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നേരത്തെ നിരോധിച്ചിരുന്നു.
തൃശൂർ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ നിർദേശപ്രകാരം ജില്ലാതിർത്തികളായ അഴീക്കോട് മുതൽ കാപ്രിക്കാട് വരെയുള്ള കടൽതീരത്തും ആഴക്കടലിലും നിരീക്ഷണം ശക്തമാക്കിയിരുന്നു. ബോട്ടുകളിൽ ഉപയോഗിച്ചിരുന്ന ഹൈവോൾട്ടേജ് എൽ.ഇ.ഡി ലൈറ്റുകൾ, ഹൈമാസ്റ്റ് ലൈറ്റുകൾ, ട്യൂബ് ലൈറ്റുകൾ എന്നിവ പിടിച്ചെടുത്ത് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം കേസെടുത്തു.
ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർമാരായ ഡോ. സീമ, എം.എൻ. സുലേഖ, മെക്കാനിക് ജയചന്ദ്രൻ, എ.എഫ്.ഇ.ഒ സംനഗോപൻ, മറൈന്‍ എന്‍ഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിങ് ഉദ്യോഗസ്ഥരായ വി.എൻ. പ്രശാന്ത് കുമാർ, വി.എം. ഷൈബു, ഇ.ആർ. ഷിനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
സീ റെസ്ക്യൂ ഗാർഡുമാരായ പ്രസാദ്, ഫസൽ, സ്രാങ്ക് ദേവസി, എൻജിൻ ഡ്രൈവർ ഉണ്ണികൃഷ്ണൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഗന്ധകുമാരി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.