നിരോധിത വല ഉപയോഗിച്ച് മത്സ്യബന്ധനം; കടലിൽ സംഘർഷം
text_fieldsഎറിയാട്: നിരോധിത പെലാജിക് വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതിനെചൊല്ലി കടലിൽ സംഘർഷം. വല മുറിച്ച് രക്ഷപ്പെട്ട രണ്ട് ബോട്ടുകളെ ഫിഷറീസ് ഉദ്യോഗസ്ഥർ പിന്തുടർന്ന് സാഹസികമായി പിടികൂടി.
ഞായറാഴ്ചയാണ് കടലിലും കരയിലുമായി സംഘർഷഭരിത സംഭവങ്ങൾ അരങ്ങേറിയത്. മുനമ്പം പള്ളിപ്പുറം അറക്കപ്പറമ്പിൽ ബിജു ആന്റണിയുടെ ഉടമസ്ഥതയിലുള്ള അബ്ബാൻ, ആബേൽ എന്നീ ബോട്ടുകളാണ് പിടിയിലായത്.
കഴിമ്പ്രം കടലിൽ നിരോധിത വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകളെയും പരമ്പരാഗത മത്സ്യത്തൊഴിലാളികൾ തടയുകയായിരുന്നു.
വിവരമറിഞ്ഞ് ഫിഷറീസ് അസി. ഡയറക്ടർ ടി.ടി. ജയന്തിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയപ്പോഴേക്കും വല മുറിച്ച് ബോട്ടുകൾ രക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബോട്ടുകൾ മുനമ്പം ഫിഷ് ലാൻഡിങ് സെന്ററിന് സമീപം നിർത്തിയിട്ടതായി വിവരം ലഭിച്ചു.
ഞായറാഴ്ച വൈകീട്ട് മുനമ്പത്തെത്തിയ ഫിഷറീസ് ഉദ്യോഗസ്ഥരും അഴീക്കോട് തീരദേശ പൊലീസും ബോട്ടുകൾ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത് ബോട്ടുടമയും സംഘവും തടഞ്ഞു.
തർക്കത്തിനിടെ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത ബോട്ടുടമ, കസ്റ്റഡിയിലെടുത്ത ബോട്ട് കടലിലേക്ക് ഓടിച്ചുപോവുകയും ഫിഷറീസ് ബോട്ടിൽ ഇടിക്കുകയും ചെയ്തതായി അധികൃതർ പറഞ്ഞു. തുടർന്ന് ബോട്ടിലുണ്ടായിരുന്ന ഫിഷറീസ് സീ ഗാർഡുമാരും മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും ചേർന്ന് ബോട്ടുടമയെ ബലപ്രയോഗത്തിലൂടെ കീഴടക്കി ബോട്ട് കരയിലെത്തിക്കുകയായിരുന്നു.
മറൈൻ എൻഫോഴ്സ്മെന്റ് എ.എസ്.ഐ ഷിജു, കോസ്റ്റൽ എസ്.ഐ ഷോബി വർഗീസ്, ശിവൻ, സീനിയർ സി.പി.ഒ ഷൈൻ, രഞ്ജിത്ത്, ഫിഷറീസ് സീ ഗാർഡുമാരായ ഷിഹാബ്, പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് ബോട്ട് പിടികൂടിയത്.
കസ്റ്റഡിയിലെടുത്ത ബോട്ടുകൾക്ക് അഞ്ച് ലക്ഷം പിഴ ചുമത്തുമെന്നും ബോട്ടുടമക്കെതിരെ ക്രിമിനൽ കേസിന് പരാതി നൽകിയതായും ഫിഷറീസ് അസി. ഡയറക്ടർ ടി.ടി. ജയന്തി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.