പുതുവർഷ ദിനത്തിൽ തൃശൂരിനെ ഞെട്ടിച്ച് അഞ്ച് മരണങ്ങൾ
text_fieldsതൃശൂർ: പുതുവർഷപ്പുലരിയിൽ ജില്ലയെ ഞെട്ടിച്ച് അഞ്ച് ദാരുണ മരണങ്ങൾ. ചേർപ്പ് ആറാട്ടുപുഴയിൽ വയോദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിലും പെരിഞ്ഞനത്തും ചാവക്കാട്ടുമുണ്ടായ വാഹനാപകടങ്ങളിൽ വയോധികനും രണ്ട് യുവാക്കളുമാണ് പുതുവർഷപ്പുലരിയെ ഞെട്ടിച്ച വാർത്തകളായത്.
പുലർച്ചയായിരുന്നു ദേശീയപാതയിൽ പെരിഞ്ഞനത്ത് പഞ്ചായത്ത് ഓഫിസിന് മുന്നിൽ പിക് അപ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചത്. മതിലകം സ്വദേശി അൻസിൽ (22), കാക്കാത്തിരുത്തി സ്വദേശി രാഹുൽ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂരിൽ പോയി വരുമ്പോഴായിരുന്നു അപകടം. ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ പ്രഖ്യാപിച്ച രാത്രിയാത്ര നിയന്ത്രണത്തിെൻറ ഭാഗമായി നിരത്തിൽ വാഹനത്തിരക്കുകളൊന്നുമില്ലാതിരിക്കെയാണ് എതിർദിശയിൽനിന്ന് എത്തിയ വാഹനങ്ങൾ കൂട്ടിയിടിച്ചത്.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പുതുവർഷം ആഘോഷിക്കാൻ കൂട്ടുകാരെ കാത്തിരുന്നവർ സൗഹൃദങ്ങൾക്കരികിലേക്ക് അപകടവും പിന്നാലെ മരണവാർത്തയുമാണ് എത്തിയത്. ചെറുപ്പക്കാർ ഇരുവരും നാടിെൻറ പ്രിയപ്പെട്ടവർ കൂടിയായിരുന്നത് നാടിെൻറ വേദന ഇരട്ടിയാക്കി. ചേർപ്പ് വല്ലച്ചിറ ആറാട്ടുപുഴയിലാണ് വയോദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വല്ലച്ചിറ എട്ടാം വാര്‍ഡിലെ ആറാട്ടുപുഴ പട്ടംപള്ളത്ത് ശിവദാസ് (53), ഭാര്യ സുധ (48) എന്നിവരെയാണ് ശനിയാഴ്ച രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശിവദാസിനെ വീടിന് മുന്നില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ വീടിനകത്ത് പരിശോധിച്ചപ്പോള്‍ സുധയുടെ മൃതദേഹവും കണ്ടെത്തി. സുധ വിഷം കഴിച്ച നിലയിലുമായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയാണ് ശിവദാസൻ. പാലക്കാട് ഹോട്ടലിലെ തൊഴിലാളിയാണ് സുധ. കഴിഞ്ഞ ദിവസമാണ് സുധ വീട്ടിലെത്തിയത്.
സാമ്പത്തിക പ്രതിസന്ധിയാണോ മറ്റേതെങ്കിലും കാരണമാണോയെന്നതിൽ വ്യക്തത വരുത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കോവിഡ് സാഹചര്യത്തിലെ തൊഴിൽ ഇല്ലാതായതും വരുമാനം കുറഞ്ഞതുമടക്കമുള്ള പ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് ആരോടും കാര്യമായി പറഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. സമീപത്തുള്ളവരുമായി ഏറെ അടുപ്പമുള്ള ഇരുവരുടെയും മരണത്തെ ഉൾക്കൊള്ളാൻ നാടിനായിട്ടില്ല. ചാവക്കാട് ദേശീയപാത 66 തിരുവത്രയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് വയോധികൻ മരിച്ചത്. അത്താണി സ്വദേശി പണ്ടാരിക്കൽ രാജനാണ് (72) മരിച്ചത്. സ്കൂട്ടറിൽ കൂടെയുണ്ടായിരുന്ന 19കാരനും പരിക്കേറ്റു. രാവിലെ പത്തരയോടെ വീടിന് സമീപത്തുവെച്ച് തന്നെയായിരുന്നു അപകടം. പുതുവർഷത്തലേന്ന് പീച്ചി കണ്ണാറ ഒരപ്പൻകെട്ടിലെ വെള്ളക്കെട്ടിൽ പതിനാറുകാരി മുങ്ങി മരിച്ചതിെൻറ വേദനയോടെയായിരുന്നു ജില്ല പുതുവർഷത്തെ വരവേറ്റിരുന്നത്. 2021ൽ പുതുവർഷത്തലേന്ന് കുതിരാനിൽ നിയന്ത്രണംവിട്ട വാഹനം ഇടിച്ച് മൂന്ന് പേരുടെ മരണത്തോടെയായിരുന്നു പുതുവർഷം പിറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.