മരണത്തെ മുഖാമുഖം കണ്ട് ആഴക്കടലിൽ അഞ്ചുപേർ; തുണയായത് വയർലെസ്
text_fieldsതൃശൂർ: കാറ്റും ശക്തമായ മഴയും, പ്രവർത്തന രഹിതമായ ഫൈബർ വള്ളത്തിലിരുന്ന് മരണത്തെ മുഖാമുഖം കണ്ട് അഞ്ചുപേർ.. ഞെട്ടിവിറച്ചിരുന്ന സമയത്താണ് അവരുടെ വയർലെസ് വി.എച്ച്.എഫ് സെറ്റ് വിറച്ചുശബ്ദിച്ചു തുടങ്ങിയത്. തൃശൂർ കലക്ടറേറ്റിലെ ഡി.ഇ.ഒ.സിയിലെ (ഡിസ്ട്രിക്സ് എമർജൻസി ഓപറേഷൻസ് സെന്‍റർ) വയർലെസിൽ നിന്നായിരുന്നു സന്ദേശം.
സുരക്ഷിതമല്ലേ- കലക്ടടറേറ്റിലെ ഉദ്യോഗസ്ഥനായ ഷിബു ചോദിച്ചു. 'ഇതുവരെ കുഴപ്പമില്ല, പക്ഷേ...'-ബോട്ടിലുണ്ടായിരുന്ന താനൂർ സ്വദേശി റസാഖ് വിറയോടെ പറഞ്ഞു. 'പേടിക്കണ്ട...' -വിവരങ്ങളറിഞ്ഞ് ഷിബു പറഞ്ഞപ്പോൾ മീൻപിടുത്തക്കാരായ അഞ്ചുപേരും ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്നപോലെ നിശ്വസിച്ചു.
ജൂലൈ 31ന് നടന്ന സംഭവം ഓർക്കുകയാണ് റസാഖ്. 30നായിരുന്നു പൊന്നാനി കടപ്പുറത്തുനിന്ന് അഞ്ചുപേരുമായി 'റാഷിദ മോൾ' ഫൈബർ വള്ളം ആഴക്കടലിലേക്ക് പുറപ്പെട്ടത്. 31നായിരുന്നു വാടാനപ്പള്ളി ഭാഗത്തുനിന്ന് 20 നോട്ടിക്കൽ മൈലിലേറെ അകലത്തിൽ എൻജിൻ തകരാറിലായത്. ബോട്ടിൽ വി.എച്ച്.എഫ് വയർലെസ് സംവിധാനമുണ്ടായിരുന്നതിനാൽ വിവരം സുഹൃത്തുക്കളെ അറിയിക്കാനായി.
പക്ഷേ, പിന്നീട് ബന്ധപ്പെടാനായില്ല. ഇതിനിടെ സ്റ്റെപ്പിനി എൻജിനും തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു വള്ളത്തിന്റെ സ്റ്റൈപ്പിനിയും ഘടിപ്പിച്ചെങ്കിലും പ്രവർത്തിച്ചില്ല. അങ്ങകലെ പൊട്ടുപോലെ കപ്പലിന്റെ വെളിച്ചം കണ്ടു. പക്ഷേ, ഒരു മാർഗവുമില്ല.
ഒരു രാത്രി മുഴുവൻ നെഞ്ചിടിപ്പോടെ വള്ളത്തിൽ ഉറങ്ങാതെ തള്ളിനീക്കി. ഇതിനിടെയായിരുന്നു കലക്ടറേറ്റിൽ നിന്നുള്ള സന്ദേശമെത്തിയത്. വാടാനപ്പള്ളി പൊലീസിൽ നിന്നാണ് വള്ളം കടലിൽപ്പെട്ടിട്ടുണ്ടെന്ന വിവരം അറിഞ്ഞതെന്ന് കലക്ടറേറ്റ് ഡി.ഒ.എ.സിയിലെ ഉദ്യോഗസ്ഥൻ ഷിബു 'മാധ്യമ'ത്തോട് പറഞ്ഞു. കടലോര ജാഗ്രത സമിതിയിൽനിന്ന് വിളിച്ചറിയിച്ചിരുന്നു. ഉടൻ വയർലെസ് ലൊക്കേഷനും ഫ്രീക്വൻസിയും തിരിച്ചറിഞ്ഞു. ബോട്ടുകാർ ശബ്ദം കേൾക്കുന്നെങ്കിൽ പ്രതികരിക്കാൻ സന്ദേശം കൊടുത്തു. അവർ പ്രതികരിച്ചതോടെ കൊച്ചിയിലെ കോസ്റ്റ് ഗാർഡുമായി ബന്ധപ്പെട്ടു. ചേറ്റുവയിൽനിന്ന് ഫൈബർ ബോട്ട് തകർന്ന് കാണാതായ രണ്ടുപേരെ തിരയാൻ അവർ കടലിൽ തന്നെ ഉണ്ടായിരുന്നു. ബോട്ട് കിടക്കുന്ന ലൊക്കേഷനും വയർലെസ് ഫ്രീക്വൻസിയും കൈമാറി. അവിടെനിന്ന് കോസ്റ്റ്ഗാർഡ് വെസ്സൽ എത്തിയാണ് രക്ഷിച്ചത്. പിന്നീട് ഫൈബർ വള്ളവും വീണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.