താൽക്കാലിക ജോലിചെയ്ത ഭിന്നശേഷിക്കാരുടെ സ്ഥിരപ്പെടുത്തൽ മുടങ്ങിയിട്ട് പതിറ്റാണ്ട്
text_fieldsതൃശൂർ: എംപ്ലോയ് മെന്റ് എക്സ്ചേഞ്ചുകൾ വഴി താൽക്കാലിക ജോലി ചെയ്ത ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്തുന്നത് മുടങ്ങിയിട്ട് ഒരു പതിറ്റാണ്ട്. അവസാനം 2013ലാണ് സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് സ്ഥിരപ്പെടുത്തിയത്. 2003 വരെ ജോലിചെയ്ത 2677 ഭിന്നശേഷിക്കാരെയാണ് അന്ന് സ്ഥിരപ്പെടുത്തിയത്.
2016ൽ സാമൂഹികനീതി വകുപ്പ് മന്ത്രിയായിരുന്ന ഷൈലജ എംേപ്ലായ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേന 179 ദിവസം താൽക്കാലിക ജോലിചെയ്ത എല്ലാ ഭിന്നശേഷിക്കാരെയും സ്ഥിരപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 2004 മുതൽ 2019 വരെ എംേപ്ലായ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേന താൽക്കാലിക ജോലി ചെയ്ത ഭിന്നശേഷിക്കാരുടെ ലിസ്റ്റ് സർക്കാർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേന ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു.
എന്നിട്ടും നടപടി ഉണ്ടായില്ല. 2004 മുതൽ സ്ഥിരനിയമനം കാത്തിരിക്കുന്ന കുറെയേറെ പേർ പ്രായപരിധി കഴിഞ്ഞു. പലരും മരിച്ചു. 2022 ഫെബ്രുവരി 28 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ സ്ഥിരം നിയമനം ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം താൽക്കാലിക ജോലിചെയ്ത ഭിന്നശേഷിക്കാരുടെ സംയുക്ത കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് അധികൃതരിൽനിന്ന് ഉറപ്പുലഭിച്ചെങ്കിലും പാലിക്കപ്പെട്ടില്ല.
ഭിന്നശേഷിക്കാരുടെ പുനർനിയമനം ആവശ്യപ്പെട്ട് ഇതിനകം മുഴുവൻ എം.എൽ.എമാർക്കും മന്ത്രിമാർക്കും സർക്കാറിനും നിവേദനം നൽകിയതായി താൽക്കാലിക ജോലിചെയ്ത ഭിന്നശേഷിക്കാരുടെ സംയുക്ത കൂട്ടായ്മ ജില്ല ഭാരവാഹികളായ അനിൽകുമാർ, സുരേഷ് പൂങ്കുന്നം എന്നിവർ അറിയിച്ചു. തിങ്കളാഴ്ച ഇതേ ആവശ്യം ഉന്നയിച്ച് തൃശൂർ കലക്ടറേറ്റിന് മുന്നിൽ സൂചന സമരം നടത്തുമെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.