എച്ചിപ്പാറയിലും പാലപ്പിള്ളിയിലും മലവെള്ളപ്പാച്ചിൽ
text_fieldsആമ്പല്ലൂർ: കനത്ത മഴയിൽ പാലപ്പിള്ളി, എച്ചിപ്പാറ പ്രദേശത്ത് മലവെള്ളപ്പാച്ചിൽ. എച്ചിപ്പാറ സ്കൂളിനു സമീപത്തെ തോട് കരകവിഞ്ഞു. സമീപത്തെ വീടുകളിലും പറമ്പുകളിലും വെള്ളം കയറി. കലങ്ങിയ ചളി വെള്ളമാണ് കുത്തിയൊലിച്ചു വന്നത്. അതോടെ നാട്ടുകാർ ഉരുൾപൊട്ടിയെന്ന ആശങ്കയിലായി. 15 മിനിറ്റോളം ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. കനത്ത നീരൊഴുക്കിൽ എച്ചിപ്പാറ ചക്കുങ്ങൽ നസീറിന്റെ വീട്ടുമതിൽ തകർന്നു. പൂവ്വത്തിങ്കൽ അയ്യൂബിന്റെ വീട്ടിലും എച്ചിപ്പാറ മദ്റസയിലും വെള്ളം കയറി.
താമസിയാതെ പാലപ്പിള്ളി സെന്ററിലേക്ക് മലവെള്ളം കുത്തിയൊലിച്ചെത്തി. കൊച്ചിൻ മലബാർ റബർ എസ്റ്റേറ്റിലെ കാനകൾ കവിഞ്ഞാണ് സെന്ററിൽ വെള്ളമെത്തിയത്. ഒരു മണിക്കൂറോളം നീണ്ടുനിന്ന മഴയിൽ റോഡ് വെള്ളക്കെട്ടിലായി. ചെറുവാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയായി.
തോട്ടത്തിലെ കാനകൾ വേണ്ടവിധം ശുചീകരിക്കാത്തത് വെള്ളക്കെട്ടിന് കാരണമാകുന്നതെന്ന് ആരോപണമുണ്ട്. മഴ ഇനിയും കനത്താൽ കൂടുതൽ പ്രദേശത്തേക്ക് വെള്ളമെത്തുമെന്നാണ് നാട്ടുകാരുടെ ആശങ്ക. ഉയർന്ന ഭാഗങ്ങളിൽ നിന്നെത്തുന്ന വെള്ളം തോട്ടത്തിലെ കാനകളിലൂടെ ഒഴുക്കിവിടാൻ കമ്പനി അധികൃതർ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കുത്തിയൊഴുകിയെത്തുന്ന വെള്ളം റോഡ് തകരാൻ ഇടയാക്കുമെന്ന ആശങ്കയുമുണ്ട്. കോടികൾ ചെലവഴിച്ച് മാസങ്ങൾക്ക് മുമ്പാണ് പാലപ്പിള്ളി ചിമ്മിനി ഡാം റോഡ് നവീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.