പ്രളയഭീതി: ഉറക്കമൊഴിച്ച് ചാലക്കുടിക്കാർ
text_fieldsചാലക്കുടി: മുകൾത്തട്ടിലെ അഞ്ച് ഡാമുകൾ തുറന്നതോടെ ചാലക്കുടി വീണ്ടും പ്രളയഭീതിയിലേക്ക്. വ്യാഴാഴ്ച രാത്രി വെള്ളപ്പൊക്കമുണ്ടാകുമെന്ന ആശങ്കയിലായിരുന്നു ചാലക്കുടിക്കാർ. അപ്പർ ഷോളയാർ, ഷോളയാർ, തൂണക്കടവ്, പറമ്പിക്കുളം, പെരിങ്ങൽകുത്ത് ഡാമുകളാണ് വ്യാഴാഴ്ച ഒരുമിച്ച് തുറന്നത്. ഇതോടെ ചാലക്കുടിപ്പുഴയോരത്ത് വെള്ളപ്പൊക്ക ഭീഷണി വീണ്ടും ഉയർന്നു. രണ്ടു ദിവസമായി സാധാരണ നിലയിലേക്ക് താഴ്ന്നുകൊണ്ടിരുന്ന ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. ചാലക്കുടിപ്പുഴയുടെ തീരത്തെ ചാലക്കുടി നഗരസഭയിലെയും മേലൂർ, പരിയാരം, കാടുകുറ്റി ഗ്രാമപഞ്ചായത്തുകളിലെയും ജനങ്ങളെയാണ് വെള്ളം ഉയരുന്നത് പ്രധാനമായും പെട്ടെന്ന് ബാധിക്കുക. തദ്ദേശ സ്ഥാപനങ്ങൾ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. യുദ്ധകാലാടിസ്ഥാനത്തിൽ പുഴയോരത്തെയും താഴ്ന്ന പ്രദേശത്തെയും ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തി. തമിഴ്നാട്ടിലെ ശക്തമായ മഴയെ തുടർന്ന് വ്യാഴാഴ്ച പുലർച്ച പറമ്പിക്കുളം, തൂണക്കടവ് ഡാമുകൾ തുറന്നതോടെ പെരിങ്ങൽകുത്ത് ഡാമിലേക്ക് കൂടുതൽ ജലമെത്തി.
രാവിലെ പിന്നെയും പറമ്പിക്കുളം ഡാമിന്റെ ഷട്ടറുകൾ കൂടുതൽ തുറന്ന് വലിയ തോതിൽ വെള്ളമെത്തിയതിനാൽ പെരിങ്ങൽക്കുത്തിലെ നാല് സ്ലൂയിസ് ഗേറ്റുകളും തുറന്നു.
കൂടാതെ തമിഴ്നാട്ടിലെ അപ്പർ ഷോളയാർ ഡാമിൽനിന്ന് വെള്ളം തുറന്നതോടെ കേരള ഷോളയാർ പൂർണ സംഭരണശേഷിയിലെത്തി. ഇതോടെ ഡാമിന്റെ നാല് ഷട്ടറുകൾ തുറന്ന് പെരിങ്ങലിലേക്ക് വെള്ളം ഒഴുക്കി. വൈകീട്ടായതോടെ പെരിങ്ങൽകുത്തിൽനിന്ന് കൂടുതൽ വെള്ളം ചാലക്കുടിപ്പുഴയിലേക്ക് ഒഴുകിയെത്തിയത് പ്രളയഭീഷണി ഇരട്ടിപ്പിച്ചു.
ഉച്ചയായപ്പോഴേക്കും പുഴ നിറഞ്ഞൊഴുകുകയാണെങ്കിലും അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല. എന്നാൽ, വൈകീട്ടായതോടെ ചാലക്കുടിപ്പുഴയിൽനിന്ന് പതുക്കെ പല തോടുകളിലേക്കും തിരിച്ചൊഴുകാൻ തുടങ്ങി. കുട്ടാടൻ പാടം ഉൾപ്പെടെയുള്ള പാടശേഖരങ്ങളിലും ഇതുമൂലം വെള്ളം നിറഞ്ഞു. തിങ്കളാഴ്ച ഉയർന്നതുപോലെ വൈകീട്ട് നാല് വരെ ജലനിരപ്പ് ഉയർന്നില്ല.
മന്ത്രി രാധാകൃഷ്ണൻ ചാലക്കുടിയിൽ; മുന്നൊരുക്കം വിലയിരുത്തി
ചാലക്കുടി: ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മണ്ഡലത്തിലെ മുന്നൊരുക്കം വിലയിരുത്താൻ മന്ത്രി കെ. രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ ചാലക്കുടി ഗവ. റെസ്റ്റ് ഹൗസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ യോഗം ചേർന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ വെള്ളം, വെളിച്ചം, ഭക്ഷണം എന്നിവ ഉറപ്പുവരുത്താൻ റവന്യൂ, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരുടെ കൃത്യമായ നിരീക്ഷണം ക്യാമ്പുകളിൽ ഉണ്ടാകണമെന്ന് യോഗം നിർദേശം നൽകി.
രാത്രിയിൽ വെള്ളം ഉയരാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് വിലയിരുത്തി. സനീഷ് കുമാർ ജോസഫ് എം.എൽ.എ, നഗരസഭ ചെയർമാൻ എബി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ, മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ, ആർ.ഡി.ഒ എച്ച്. ഹരീഷ്, ഡെപ്യൂട്ടി കലക്ടർ ഐ. പാർവതി ദേവി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.