കൊയ്യാറായപ്പോൾ പാടത്ത് വെള്ളക്കെട്ട്; മാങ്കുറ്റിപ്പാടത്ത് കര്‍ഷകക്കണ്ണീർ
text_fieldsമാങ്കുറ്റിപ്പാടം പാടശേഖരത്തിലെ വിളവെടുക്കാറായ നെൽച്ചെടികൾ മഴയിൽ വെള്ളത്തിൽ വീണ നിലയിൽ
കൊടകര: കൊയ്ത്തിനു പാകമായ മുണ്ടകന്‍ പാടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് കര്‍ഷകരെ വലക്കുന്നു. മറ്റത്തൂര്‍ പഞ്ചായത്തിലെ മാങ്കുറ്റിപ്പാടം പാടശേഖരസമിതിക്ക് കീഴിലുള്ള മുണ്ടകന്പാടങ്ങളിലാണ് വെള്ളം കെട്ടിനില്‍ക്കുന്നത്. 17 പാടശേഖരങ്ങളുള്ള മറ്റത്തൂര്‍ കൃഷിഭവന് പരിധിയില്‍ ഇറിഗേഷന്‍ കനാലില്‍ നിന്നുള്ള വെള്ളത്തെ മാത്രം ആശ്രയിച്ച് കൃഷിയിറക്കുന്ന പാടശേഖരമാണ് മാങ്കുറ്റിപ്പാടം. നേരത്തെ ആണ്ടില്‍ മൂന്നുവട്ടം നെല്‍കൃഷി ചെയ്തുവന്നിരുന്ന ഇവിടെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മുണ്ടകന്‍ വിള മാത്രമാണ് ഇറക്കുന്നത്. ഇത്തവണ ‘വെള്ള പൊന്മണി’ വിത്തുപയോഗിച്ചാണ് മുണ്ടകന്‍ വിളയിറക്കിയത്.
സമയബന്ധിതമായി കനാല്‍വെള്ളം ലഭിച്ചതിനാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മികച്ച വിളവാണ് ഇക്കുറി കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍, കൊയ്ത്തിനുപാകമായ നെല്പാടങ്ങളിലേക്ക് കനാല്‍വെള്ളം എത്തിയതിന് പുറമെ കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയും കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുകയാണെന്ന് പഞ്ചായത്ത് അംഗവും പാടശേഖര സമിതി സെക്രട്ടറിയുമായ ശിവരാമന് പോതിയില്‍ പറഞ്ഞു.
മറ്റത്തൂര്‍ കനാലിന്റെ തകരാറിലായ സ്പൗട്ടുകള്‍ വഴിയും ഉറവ വഴിയും സമീപത്തെ കല്ലന്കുഴി തോട്ടിലേക്ക് വെള്ളമെത്തിയതാണ് പാടത്തേക്ക് വെള്ളം കയറാന്‍ കരണമായത്. മാർച്ച് 25ന് കൊയ്ത്ത് തുടങ്ങേണ്ട പാടത്ത് നെല്‍ച്ചെടികളെല്ലാം വെള്ളത്തിലാണ് നില്‍ക്കുന്നത്. പാടത്ത് വെള്ളമുണ്ടെങ്കില്‍ കൊയ്ത്തുയന്ത്രമിറക്കാന്‍ ബുദ്ധിമുട്ട് നേരിടും. ചെളിലിയിറങ്ങി കൊയ്ത്തുനടത്തിയാല് തന്നെ വൈക്കാല് നശിച്ചുപോകാനും ഇടവരുമെന്ന് കര്‍ഷകര്‍ പറയുന്നു.
കഴിഞ്ഞ ദിവസം മഴ ശക്തമായി പെയ്തതതിനെ തുടര്‍ന്ന് പാടശേഖരത്തിലെ ചില ഭാഗങ്ങളില്‍ നെല്ല് വെള്ളത്തില്‍ വീണു കിടക്കുകയാണ്. പാടത്തെ വെള്ളം വറ്റിയില്ലെങ്കില്‍ വീണുകിടക്കുന്ന നെല്ക്കിതരുകള് മുഴുവന്‍ മുളക്കാനിടയാകും. മഴ ഇനിയും പെയ്താല്‍ കനത്ത നാശനഷ്ടവും കര്‍ഷകര്‍ക്ക് നേരിടേണ്ടി വരും. മറ്റത്തൂര്‍ കനാലില്‍ വെള്ളം തുറന്നുവിടുമ്പോഴും മഴ കനത്തുപെയ്യുമ്പോഴും മാങ്കുറ്റിപ്പാടത്ത് അനുഭവപ്പെടുന്ന വെള്ളക്കെട്ട് പരിഹരിക്കാന്‍ ഇവിടെയുള്ള കല്ലന്കുഴി തോട് നവീകരിച്ചാല്‍ മതിയാകുമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനാവശ്യമായ പദ്ധതിക്ക് രൂപം നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.