തൃശൂർ നഗരത്തിലെ ഫ്ലൈ ഓവറുകൾ പ്രഖ്യാപനം മാത്രം; അനുമതിയില്ലെന്ന് പൊതുമരാമത്ത് വകുപ്പ്
text_fieldsതൃശൂർ: നഗരത്തിൽ സ്വപ്നപദ്ധതികളായി പ്രഖ്യാപിച്ച ഫ്ലൈ ഓവറുകൾ പ്രഖ്യാപനത്തിൽ മാത്രം. ഇത് സംബന്ധിച്ച് നടത്തിയ പ്രഖ്യാപനങ്ങളെല്ലാം വെറുതെയാണെന്ന് പൊതുമരാമത്ത് വകുപ്പിൽനിന്ന് കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്തിന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിൽ വ്യക്തമാകുന്നു.
തൃശൂർ നഗരത്തിലെ പ്രഥമ ഫ്ലൈ ഓവർ പടിഞ്ഞാറെ കോട്ടയിൽ തേറമ്പിൽ രാമകൃഷ്ണൻ എം.എൽ.എ ആയിരിക്കെയാണ് പ്രഖ്യാപിച്ചത്. പിന്നീട് വി.എസ്. സുനിൽകുമാർ തൃശൂരിൽനിന്നും ജയിച്ച് മന്ത്രിയായപ്പോൾ പടിഞ്ഞാറെകോട്ടയിലും കിഴക്കേകോട്ടയിലും ഫ്ലൈ ഓവറുകൾ പ്രഖ്യാപിച്ചു.
തേറമ്പിലിന്റെ പ്രഖ്യാപനം ഏറ്റെടുത്ത് അന്നത്തെ കോർപറേഷൻ യു.ഡി.എഫ് ഭരണസമിതിയും വി.എസ്. സുനിൽകുമാറിന്റെ പ്രഖ്യാപനം പിന്തുടർന്ന് ഇടത് ഭരണസമിതി പടിഞ്ഞാറ്, കിഴക്കേ കോട്ടകളിലും ഫ്ലൈ ഓവറുകൾ പ്രഖ്യാപിച്ചു. തേറമ്പിൽ രാമകൃഷ്ണൻ എം.എൽ.എയുടെ കാലത്ത് 30 കോടി രൂപ ചെലവ് പ്രതീക്ഷിച്ച പടിഞ്ഞാറെകോട്ട പാലത്തിന് സംസ്ഥാന കൺസ്ട്രക്ഷൻ കോർപറേഷൻ രൂപരേഖ തയാറാക്കി. മദ്രാസ് ഐ.ഐ.ടിയിൽനിന്ന് വിരമിച്ച പ്രഫ. അരവിന്ദാക്ഷന്റെ നേതൃത്വത്തിൽ കോർപറേഷന് വേണ്ടി സർവേ നടപടികളും പൂർത്തിയാക്കിയിരുന്നു.
ബിന്ദു തിയറ്ററിന് മുന്നിൽ തുടങ്ങി കാൽവരി റോഡിൽ ബന്ധിപ്പിക്കുന്ന മേൽപാലം മൂന്ന് വരിയിൽ, 11 മീറ്റർ വീതിയിൽ നിർമിക്കുമെന്നായിരുന്നു തേറമ്പിലിന്റെ പ്രഖ്യാപനം. എന്നാൽ ഇവിടെ മേൽപാലം പണിയുന്നതിന് ഭരണാനുമതിയോ സാങ്കേതികാനുമതിയോ ലഭിച്ചതായി അറിയില്ലെന്നും ഇത്തരമൊരു പ്രവൃത്തി പൊതുമരാമത്തിന് കീഴിൽ നടക്കുന്നില്ലെന്നുമാണ് ഷാജി കോടങ്കണ്ടത്തിന് ലഭിച്ച മറുപടിയിലുള്ളത്.
അതേസമയം സുനിൽകുമാർ പ്രഖ്യാപിച്ച കിഴക്കേകോട്ട ഫ്ലൈ ഓവറിന് സാങ്കേതിക-ഭരണാനുമതികളൊന്നും ലഭിച്ചില്ലെങ്കിലും വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കാൻ 32,10,000 രൂപയുടെ സാങ്കേതിക-ഭരണാനുമതി ലഭിച്ചിരുന്നു. ഇതിന് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനെ ചുമതലപ്പെടുത്തിയിരുന്നതായി മറുപടിയിൽ പറയുന്നു. എം.എൽ.എമാരുടെ പ്രഖ്യാപനത്തിന്റെ ചുവട് പറ്റി ബജറ്റുകളിൽ യു.ഡി.എഫ്, എൽ.ഡി.എഫ് ഭരണസമിതികൾ ഫ്ലൈ ഓവറുകൾ ഓരോ തവണയും ബജറ്റിൽ പറയുന്നുണ്ടെങ്കിലും നടപടികളിലേക്ക് കോർപറേഷനും കടന്നിട്ടില്ല.
നഗരത്തിലെ തിരക്കേറിയതും വിവിധ മേഖലകളിലെ റോഡുകൾ സംഗമിക്കുന്നതുമാണ് പടിഞ്ഞാറെകോട്ട, കിഴക്കേകോട്ട ജങ്ഷനുകൾ. തിരക്ക് കുറയുമെന്നും വാഹനഗതാഗതം സുഗമമാകുമെന്നും കണ്ടെത്തിയായിരുന്നു ഫ്ലൈ ഓവർ പദ്ധതി. തിരക്കേറുകയല്ലാതെ ഫ്ലൈ ഓവർ നടപടികളൊന്നുമായില്ലെന്ന് മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.