ആര് നന്നാക്കും ഞങ്ങളുടെ പാലം...?
text_fieldsകയ്പമംഗലം: മൂന്നു പതിറ്റാണ്ട് മുമ്പ് തങ്ങൾ അധ്വാനിച്ചുണ്ടാക്കിയ നടപ്പാലം കൺമുന്നിൽ നശിച്ചു പോകുന്നതിന്റെ സങ്കടത്തിലാണ് ചെന്ത്രാപ്പിന്നി മധുരമ്പുള്ളി പ്രദേശവാസികൾ. ഈസ്റ്റ് ചെന്ത്രാപ്പിന്നിക്കാരുടെ ജീവിതത്തിന്റെ ഭാഗമായ കനോലി കനാലിന് കുറുകെയുള്ള മധുരമ്പുള്ളിപ്പാലമാണ് വർഷങ്ങളായി ജീർണാവസ്ഥയിൽ തുടരുന്നത്.
കാട്ടൂർ-എടത്തിരുത്തി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിനോടാണ് അധികൃതരുടെ അവഗണന തുടരുന്നത്. സാങ്കേതിക തടസ്സങ്ങളാണ് നിലവിലെ അവസ്ഥക്ക് കാരണം. കൈവരികളും അടിത്തട്ടും തകർന്ന് ബീമുകളിലെ കോൺക്രീറ്റ് ഇളകി തുരുമ്പിച്ച കമ്പികൾ പുറത്തു കാണുന്ന നിലയിലാണ്.
രണ്ട് പ്രളയങ്ങൾ മൂലമുണ്ടായ ശക്തമായ വെള്ളപ്പാച്ചിലിൽ അടിത്തൂണുകൾക്കും ബലക്ഷയം നേരിട്ടു. പാലത്തിലൂടെയുള്ള യാത്രയിപ്പോൾ നാട്ടുകാർക്ക് ഞാണിന്മേൽക്കളിയാണ്. പാലം യാത്രായോഗ്യമല്ലാതായതോടെ തൃശൂർ, ഇരിങ്ങാലക്കുട, കാട്ടൂർ ഭാഗങ്ങളിലെത്തണമെങ്കിൽ കിലോമീറ്ററുകൾ അധികം സഞ്ചരിക്കണ്ട ഗതികേടിലാണ് നാട്ടുകാർ.
30 വർഷം മുമ്പ് നാട്ടുകാർ പണം സ്വരൂപിച്ച് നിർമിച്ചതാണ് മധുരമ്പുള്ളി പാലം. പണ്ട് ഉൾനാടൻ ജലഗതാഗത മാർഗമായിരുന്ന കനോലി കനാലിന് കുറുകെ വേണ്ടത്ര ഉയരമില്ലാതെയാണ് നാട്ടുകാർ പാലം പണിതത്. കനാലിലൂടെ സഞ്ചരിച്ചിരുന്ന യാത്രാബോട്ടുകൾക്ക് ഇത് തടസ്സമാകുമെന്നതിനാൽ പണി പൂർത്തിയാകുന്നതിന് മുമ്പേ ഇറിഗേഷൻ അധികൃതരെത്തി പാലം പൊളിപ്പിച്ചു. എന്നാൽ നാട്ടുകാരുടെ അഭ്യർഥന പ്രകാരം ഉയർത്തി നിർമിക്കാൻ അനുമതി നൽകി.
നാട്ടുകാർ നിർമിച്ചതിനാൽ പഞ്ചായത്ത് രേഖകളിൽ പാലത്തിന്റെ പൊടി പോലുമില്ല. അതിനാൽ പാലം നവീകരിക്കണമെന്ന ആവശ്യത്തിന് മുന്നിൽ കൈ മലർത്തുകയാണ് പഞ്ചായത്തധികൃതർ. ഉൾനാടൻ ജല പാതാ വികസനത്തിന്റെ ഭാഗമായി കനോലി കനാലിന് കുറുകെ ബലക്ഷയമുളള അംഗീകൃത പാലങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുക അനുവദിച്ചിട്ടുണ്ടെങ്കിലും അതിലും ഈ പാലം ഉൾപ്പെട്ടില്ല. ഇതിനിടയിൽ നാട്ടുകാർ പണം സ്വരൂപിച്ച് അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും അനുമതിയില്ലാതെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയതിനെ ചോദ്യം ചെയ്ത് ഇരു പഞ്ചായത്തുകളും രംഗത്തുവന്നതോടെ നാട്ടുകാർ പിൻവാങ്ങി. ഇതിനിടെ പുതിയ പാലം നിർമിക്കാൻ മണ്ണ് പരിശോധനയും മറ്റും മുറതെറ്റാതെ നടക്കുന്നുമുണ്ട്.
പാലം അപകടാവസ്ഥയിലാണെന്ന് സൂചിപ്പിച്ചുള്ള ബോർഡ് പഞ്ചായത്തധികൃതർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മറ്റു മാർഗങ്ങളില്ലാത്തതിനാൽ കുട്ടികളുൾപ്പെടെ നിരവധി പേർ ഇപ്പോഴും പാലത്തിലൂടെ സഞ്ചരിക്കുന്നുണ്ട്. എന്തായാലും തടസ്സങ്ങളെല്ലാം മാറി വരുമ്പോൾ പാലം ഓർമ മാത്രമാകുമോ എന്ന സംശയത്തിലാണ് നാട്ടുകാരിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.