മുപ്ലിയത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തി
text_fieldsആമ്പല്ലൂർ: മുപ്ലിയം സെന്ററിനോട് ചേർന്നുള്ള പറമ്പിൽ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തി. മുപ്ലിയം സഹകരണ ബാങ്കിന് സമീപത്തെ റബർ തോട്ടത്തിലെ കാനയിലാണ് കാൽപാടുകൾ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രിയാണ് ബൈക്ക് യാത്രക്കാരൻ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്ന പുലിയെ കണ്ടതായി പറഞ്ഞത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനപാലകർ രാത്രിയിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വ്യാഴാഴ്ച രാവിലെ വനപാലകർ നടത്തിയ പരിശോധനയിലാണ് കാനയിൽ കാൽപാടുകൾ കണ്ടെത്തിയത്. എന്നാൽ കാൽപാടുകൾ പുലിയുടെതാണെന്ന് സ്ഥീരികരിച്ചിട്ടില്ല. റബർ തോട്ടത്തിലെ ഇറച്ചി വിൽപന കേന്ദ്രത്തിൽ നിന്നുള്ള മാലിന്യം ഈ കാനയിലൂടെയാണ് ഒഴുകുന്നത്.
അറവുമാടുകളുടെ ചോരയുൾെപ്പടെ ഈ കാനയിലൂടെ ഒഴുകിയതിന്റെ മണം പിടിച്ച് പുലിയെത്തിയതാകാമെന്നും സംശയമുണ്ട്. പുലിയെ കണ്ടതായി പറയുന്ന സമയത്ത് പട്ടികളുടെ കൂട്ടത്തോടെയുള്ള കുര കേട്ടതും സംശയത്തിനിടയാക്കുന്നുണ്ട്. അതേസമയം, കാനയിൽ കണ്ടത് കാട്ടുപൂച്ചയുടെ കാൽപാടുകളാകാമെന്നും പ്രദേശത്ത് കാട്ടുപൂച്ചയെ കാണാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞതായും വനപാലകർ അറിയിച്ചു. ജനവാസ മേഖലയിൽ പുലിയിറങ്ങിയതായ അഭ്യൂഹത്തെ തുടർന്ന് വനപാലകർ റബർ തോട്ടത്തിൽ ട്രാപ്പ് കാമറകൾ സ്ഥാപിച്ചു. രാത്രികാല പരിശോധനക്കാനായി ഉദ്യോഗസ്ഥരെ നിയമിച്ചതായും മുപ്ലിയം ഫോറസ്റ്റ് ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.