വിദേശ ഫണ്ട് വാങ്ങി ആനയെഴുന്നള്ളിപ്പിനെതിരെ എൻ.ജി.ഒകൾ പ്രവർത്തിക്കുന്നു -പാറമേക്കാവ്, തിരുവമ്പാടി
text_fieldsതൃശൂർ: ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ വിദേശ ഫണ്ട് വാങ്ങി നിരവധി എൻ.ജി.ഒകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇവയെ നിരീക്ഷക്കണമെന്നും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ സംയുക്ത വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കേരളത്തെ തകർക്കാനാണ് ഇത്തരം സംഘടനകളുടെ ശ്രമം. ഇവരുടെ ഉദ്ദേശ്യവും കപട മൃഗസ്നേഹവും അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണം. 2024ലെ നാട്ടാന പരിപാലനച്ചട്ടം നടപ്പാക്കിയാൽ പൂരങ്ങളും ഉത്സവങ്ങളും നടത്താനാകില്ല. ഇത് പിൻവലിച്ച് 2012ലെ നിയമം നിലനിർത്തണം. നാട്ടാനകളുടെ കൈമാറ്റം സംബന്ധിച്ച് കേന്ദ്ര സർക്കാർ നിയമം ഉണ്ടാട്ടിയിട്ടുണ്ടെങ്കിലും കേരളത്തിൽ നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണം. വെടിക്കെട്ട് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ദേവീദേവന്മാരെ ആനപ്പുറത്ത് എഴുന്നള്ളിക്കണമെന്ന് ഒരു താന്ത്രിക ഗ്രന്ഥത്തിലും പറഞ്ഞിട്ടില്ലെന്ന പ്രചാരണം തെറ്റാണെന്ന് വാർത്തസമ്മേളനത്തിൽ പങ്കെടുത്ത ആലുവ തന്ത്രവിദ്യാ പീഠം വൈസ് പ്രിൻസിപ്പൽ ശ്രീനിവാസൻ നമ്പൂതിരിപ്പാട് പറഞ്ഞു.
തന്ത്രശാസ്ത്രമാണ് ക്ഷേത്രാചാരങ്ങളുടെ അടിസ്ഥാനം. തന്ത്രശാസ്ത്രങ്ങളുടെ അടിസ്ഥാന ഗ്രന്ഥങ്ങളിൽ ദേവീദേവന്മാരെ ആനപ്പുറത്ത് എഴുന്നള്ളിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ദേശാചാര സമ്പ്രദായപ്രകാരമാണ് മൂകാംബിക പോലുള്ള ക്ഷേത്രങ്ങളിൽ രഥം എഴുന്നെള്ളിപ്പ് നടത്തുന്നത്. തെക്കോട്ട് വരുംതോറും ഇതിൽ മാറ്റമുണ്ട്. ഇത്തരം കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തും.
ആനകളെ പീഡിപ്പിക്കുന്ന സംഭവങ്ങൾ പരിശോധിക്കണമെന്നും ആചാരം സംരക്ഷിച്ച് തന്ത്രശാസ്ത്ര നിർദേശമനുസരിച്ചു ചിട്ടയായി കാര്യങ്ങൾ മുന്നോട്ടുപോകണമെങ്കിൽ ആനയെഴുന്നള്ളിപ്പ് നിർബന്ധമായും തുടരണമെന്നും ശ്രീനിവാസൻ നമ്പൂതിരിപ്പാട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.