കാട്ടാനകളെ തുരത്താൻ ചക്കപ്രയോഗവുമായി വനം വകുപ്പ്
text_fieldsആമ്പല്ലൂര്‍: വരന്തരപ്പിള്ളി, പാലപ്പിള്ളി മേഖലയില്‍ ഇറങ്ങിയ കാട്ടാനകളെ കാടുകയറ്റാന്‍ ചക്കപ്രയോഗവുമായി വനം വകുപ്പ്. മേഖലയില്‍ വ്യാപകമായി കായ്ച്ചുനില്‍ക്കുന്ന ചക്കകൾ ശേഖരിച്ച് കാട്ടില്‍കൊണ്ടിടുകയാണ്. നാട്ടിലിറങ്ങിയ ആനകളെ തിരികെ കാട്ടിലേക്ക് എത്തിക്കുകയും അവക്ക് ഭക്ഷണം ലഭ്യമാക്കുകയുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചക്ക ശേഖരിച്ചുതുടങ്ങി. മരം കയറുന്ന തൊഴിലാളിയെ ഉപയോഗിച്ചാണ് ചക്ക പറിക്കുന്നത്. ഒരു പ്ലാവില്‍ നിന്നുതന്നെ അമ്പതിലേറെ ചക്ക പറിച്ചതായി പാലപ്പിള്ളി റേഞ്ച് ഓഫിസര്‍ പ്രേം ഷെമീര്‍ പറഞ്ഞു. പറിച്ച ചക്കകള്‍ പ്രത്യേകം വാഹനത്തിലാണ് ഉള്‍ക്കാട്ടില്‍ എത്തിക്കുന്നത്.
പ്രദേശത്തെ പറമ്പുകളില്‍ കായ്ച്ചുനില്‍ക്കുന്ന ചക്കയാണ് ആനകളെ ജനവാസ മേഖലയിലേക്ക് ആകര്‍ഷിക്കുന്നത്. പഴുത്ത ചക്കയുടെ മണം തേടിയെത്തുന്ന ആനകള്‍ സമീപത്തെ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ വിളകള്‍ നശിപ്പിക്കുന്നത് പതിവാണ്.
കഴിഞ്ഞ ദിവസം രാത്രി പ്രദേശത്തെ വീട്ടുപറമ്പുകളിൽ കാട്ടാന എത്തിയിരുന്നു. കാര്യമായി നാശം വരുത്തിയിട്ടില്ലെങ്കിലും ആനയിറങ്ങിയതറിഞ്ഞ് നാട്ടുകാര്‍ ഭീതിയിലാണ്. പലയിടത്തും ആനയുടെ കാല്‍പ്പാട് കണ്ടാണ് വീട്ടുകാര്‍ വിവരമറിയുന്നത്. കുട്ടന്‍ചിറ തേക്ക് തോട്ടത്തില്‍ രണ്ടാഴ്ചയായി കാട്ടാന തമ്പടിച്ചിട്ടുണ്ട്. വനം വകുപ്പ് ഡ്രോണ്‍ പരിശോധന നടത്തിയെങ്കിലും ആനയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.